ഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടംടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടം

സ്റ്റാർ ഹോസ്പിറ്റൽസിനെ ഏറ്റെടുക്കാൻ ബേബി മെമ്മോറിയൽ ഗ്രൂപ്പ്

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH), ഹൈദരാബാദിലുളള പ്രശസ്ത ആശുപത്രി ഗ്രൂപ്പായ സ്റ്റാർ ഹോസ്പിറ്റൽസിനെ ഏറ്റെടുക്കുന്നു. ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന്റെ (KKR) പിന്തുണ കേരളം ആസ്ഥാനമായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനുണ്ട്.

സ്റ്റാർ ഹോസ്പിറ്റൽസിന്റെ കേന്ദ്ര കമ്പനിയായ യൂണിമെഡ് ഹെൽത്ത് കെയറിലെ (Unimed Healthcare) ഓഹരികള്‍ 1,800 കോടി രൂപയ്ക്കാണ് ബേബി മെമ്മോറിയൽ സ്വന്തമാക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 60 ശതമാനം ഓഹരികളാണ് ഇത്തരത്തില്‍ വാങ്ങുക. സ്റ്റാർ ഹോസ്പിറ്റൽസിന്റെ ആകെ മൂല്യം ഈ ഇടപാടിലൂടെ 3,000 കോടി രൂപയായി.

പ്രശസ്ത കാർഡിയോളജിസ്റ്റും പത്മശ്രീ ജേതാവുമായ ഡോ. ഗോപിചന്ദ് മന്നമാണ് സ്റ്റാർ ഹോസ്പിറ്റൽസ് ആരംഭിച്ചത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലും ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റായ നാനാക്രംഗുഡയിലുമായി രണ്ട് അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളുണ്ട് ഗ്രൂപ്പിന്. ഈ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനായുള്ള നിക്ഷേപം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് കെകെആർ നൽകും. ഇടപാടിനാവശ്യമായ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി കഴിഞ്ഞ മാസം ലഭിച്ചു.

വൻതോതിലുള്ള വിപുലീകരണം
ഒരു വർഷത്തിനിടെ ബേബി മെമ്മോറിയൽ നടത്തുന്ന രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഈ ഇടപാട്. മേയ്ത്ര (Meitra) ഹോസ്പിറ്റലിനെ നേരത്തെ 1,200 കോടി രൂപയ്ക്ക് ഇവർ ഏറ്റെടുത്തിരുന്നു. 2024 ജൂലൈയിലാണ് ഏകദേശം 2,500 കോടി രൂപയ്ക്ക് ബേബി മെമ്മോറിയലിൽ ഭൂരിഭാഗം ഓഹരികൾ കെകെആർ സ്വന്തമാക്കുന്നത്.

തെക്കേയിന്ത്യയിലെ ആരോഗ്യരംഗത്ത് വൻതോതിലുള്ള വിപുലീകരണമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഫോർട്ടിസ് ഹെൽത്ത് കെയർ, അപ്പോളോ ഹോസ്പിറ്റൽസ്, മണിപ്പാൽ തുടങ്ങിയ വമ്പൻ ഗ്രൂപ്പുകളെ ഏറ്റെടുക്കലിനായുളള നീക്കത്തില്‍ മറികടന്നാണ് ബേബി മെമ്മോറിയൽ ഈ നേട്ടം കൈവരിച്ചത്.

വന്‍ പദ്ധതികള്‍
നിലവിൽ ചെന്നൈയിൽ പുതിയൊരു ഗ്രീൻഫീൽഡ് ആശുപത്രിയുടെ നിർമ്മാണം നടത്തുന്നതിനൊപ്പം കേരളത്തിൽ രണ്ട് ആശുപത്രികൾ കൂടി ആരംഭിക്കാനും ബേബി മെമ്മോറിയൽ ഗ്രൂപ്പിന് പദ്ധതിയുണ്ട്.

ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ ഒന്നിപ്പിച്ച് വലിയൊരു പ്ലാറ്റ്‌ഫോം സൃഷ്ടിച്ച് ഭാവിയിൽ ഐപിഒ (IPO) ലക്ഷ്യമിടുക എന്ന ഉദ്ദേശവും കെകെആറിനുണ്ട്.

X
Top