ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാരത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, യുഎസിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ കാനഡ ശക്തമാക്കുകയാണ്. ഇന്ത്യയുമായുള്ള കരാര്‍ ഈ തന്ത്രത്തിലെ നിര്‍ണായക ചുവടുവയ്പ്പാണെന്നും അവര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനില്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വ്യാപാര ചര്‍ച്ചാസംഘം കാനഡ സന്ദര്‍ശിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

കനേഡിയന്‍ വ്യാപാര മന്ത്രി മനീന്ദര്‍ സിദ്ധു ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലുണ്ട്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡിസംബറില്‍ മോദി കാനഡ സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയുമായുള്ള കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ വളര്‍ച്ചയാണ് കാനഡ പ്രതീക്ഷിക്കുന്നത്. 2025-ല്‍ 30.4 ബില്യണ്‍ ഡോളറായിരുന്ന ചരക്ക്-സേവന വ്യാപാരം 2030-ഓടെ പ്രതിവര്‍ഷം 70 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

അതേസമയം, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിയാക്കാനും കാനഡ പദ്ധതിയിടുന്നു. ഇന്ത്യയുമായുള്ള 2.6 ബില്യണ്‍ ഡോളറിന്റെ യുറേനിയം വിതരണ കരാറും കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ഐഡിബിഐ ബാങ്കിലെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള 5.56 ബില്യണ്‍ ഡോളറിന്റെ കരാറും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ്.

2023-ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിസന്ധിക്കുശേഷം ഇന്ത്യയും കാനഡയും ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ദേശീയ സുരക്ഷയും നിയമവാഴ്ചയും മുന്‍നിര്‍ത്തി ഈ പ്രക്രിയ ഘട്ടംഘട്ടമായാണ് മുന്നോട്ടുപോകുന്നതെന്ന് അനിത ആനന്ദ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍, ചൈന, ഇന്തോനേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായും സാമ്പത്തിക ബന്ധം വിപുലീകരിക്കാനാണ് കാനഡയുടെ നീക്കം.

X
Top