ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

സർവകാല റെക്കോർഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായമായ 426.13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 21.28 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 351.31 കോടി രൂപയായിരുന്നു.

37.95 ശതമാനം വാർഷിക വളർച്ചയോടെ, 1,116 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ പലിശ വരുമാനമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തന ലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റ പലിശ മാർജിൻ 2.80 ശതമാനത്തിൽ നിന്ന് 3.33 ശതമാനമായി വർധിച്ചു.

മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 2.93 ശതമാനത്തിൽ നിന്നും 169 ബേസിസ് പോയിന്റുകൾ കുറച്ച് 1.24 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.56 ശതമാനത്തിൽ നിന്നും 47 പോയിന്റുകൾ കുറച്ച് 0.09 ശതമാനത്തിലെത്തി. കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 760 പോയിന്റുകൾ വർധിച്ച് 97.84 ശതമാനമായി. മുൻവർഷം ഇത് 90.25 ശതമാനമായിരുന്നു.

റീട്ടെയിൽ നിക്ഷേപം 1,12,625 കോടി രൂപയിൽ നിന്ന് 1,29,353 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 14.85 ശതമാനം ഉയർച്ചയിൽ 16,728 കോടി രൂപയാണ് ഈ വർഷം വർധിച്ചിരിക്കുന്നത്.

പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 15.09 ശതമാനം വർധിച്ച് 38,203 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 33,195 കോടി രൂപയായിരുന്നു എൻ.ആർ.ഐ നിക്ഷേപം. 5,008 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 17.56 ശതമാനം വളർച്ചയുണ്ടായി. സേവിങ്ങ്സ് ബാങ്കിൽ 14.34 ശതമാനവും കറണ്ട് അക്കൗണ്ടിൽ 31.19 ശതമാനവും വളർച്ചയുണ്ടായി.

മൊത്ത വായ്പാ വിതരണം 18.67 ശതമാനം വളർച്ച കൈവരിച്ച് 92,286 കോടി രൂപയിൽ നിന്നും 1,09,517 കോടി രൂപയായി ഉയർന്നു. 17,231 കോടി രൂപയുടെ വർധനവുണ്ടായി. കോർപ്പറേറ്റ് വിഭാഗത്തിൽ, വായ്പാ തുക 37,008 കോടി രൂപയിൽ നിന്ന് 43,164 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 16.63 ശതമാനത്തിന്റെ വളർച്ചയോടെ 6156 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണ വായ്പകൾ 18,845 കോടി രൂപയിൽ നിന്ന് 26,603 കോടി രൂപയായി. 41.17 ശതമാനമാണ് വാർഷിക വളർച്ച. 7,758 കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്. ബിസിനസ് വിഭാഗത്തിൽ 13,424 കോടി രൂപയിൽ നിന്ന് 2,066 കോടി രൂപയുടെ വർധനവുണ്ടായി 15,490 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 15.39 ശതമാനം വർധനവാണ് കാണിക്കുന്നത്.

മോർട്ട്ഗേജ് വായ്പ 3,929 കോടി രൂപയിൽ നിന്ന് 1,215 കോടി രൂപ വർധിച്ച് 5,144 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 30.92 ശതമാനത്തിന്റെ വർധനവുണ്ടായി. വാഹന വായ്പ 2,288 കോടി രൂപയിൽ നിന്ന് 360 കോടി രൂപ വർധിച്ച് 2,648 കോടി രൂപയായി.

മുൻ വർഷത്തെ അപേക്ഷിച്ച് 15.73 ശതമാനം വർധനവാണ് ഉണ്ടായത്. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 99.10 ശതമാനവും ‘എ’ യോ അതിനുമുകളിലോ റേറ്റിങ് ഉള്ള വിഭാഗത്തിൽ പെടുന്നവയാണ്.

ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി.ഒ.എസ്.എൽന്റെ ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.

X
Top