
ന്യൂഡൽഹി: നിർദ്ദിഷ്ട വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും ചർച്ചകൾ തുടരുകയാണെന്നും, ഇരുരാജ്യങ്ങളും കരാറിന് അന്തിമ ധാരണയിലേക്ക് അടുക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ കരാറിനായുള്ള ചർച്ചകൾ സ്ഥിരമായ അവസ്ഥയിൽ എത്തിനിൽക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയ്ക്ക് ശേഷം ഒരാഴ്ചയിലേറെ കഴിഞ്ഞാണ് വിദേശകാര്യ മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഇരുപക്ഷവും തമ്മിലുള്ള ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം നടന്ന ‘ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറ’ത്തിൽ ചോദിച്ചപ്പോൾ ചില കാര്യങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എന്നാൽ അവ പരസ്യമായി വെളിപ്പെടുത്തുന്നത് ഉചിതമായിരിക്കില്ല എന്നും ജയശങ്കര് മറുപടി നല്കി.
ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യയുടെ വാണിജ്യമന്ത്രിയും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവും (USTR) ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തിവരികയാണെന്ന് ജയശങ്കർ പറഞ്ഞു.
“അമേരിക്കയെപ്പോലൊരു സമ്പദ്വ്യവസ്ഥയുമായി രാജ്യങ്ങൾ ചർച്ചകൾ നടത്തുമ്പോൾ, സ്വാഭാവികമായും അതിൽ രണ്ട് വശങ്ങളുണ്ട്. ഒന്ന്, നിങ്ങളും അമേരിക്കയും തമ്മിൽ നേരിട്ട് രൂപപ്പെടുത്തുന്ന കാര്യങ്ങൾ. മറ്റൊന്ന്, മത്സരാധിഷ്ഠിതമായ മറ്റ് സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് നിങ്ങൾ എവിടെ നിൽക്കുന്നു എന്നത്.” അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒരു ധാരണയിൽ എത്തിയിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വ്യാപാര മന്ത്രിമാരും യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവും (USTR) ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രിയും ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു പരിഹാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വിഷയമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ജയശങ്കർ പറഞ്ഞു.






