ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 27 ശതമാനത്തിലധികം കുറഞ്ഞ് 19.27 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26.51 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മെയ് മാസത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയതാണ് ഇറക്കുമതി കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മെയ് 13 മുതലാണ് പുതിയ തീരുവ പ്രാബല്യത്തില്‍ വന്നത്. രൂപയുടെ മൂല്യത്തിലും വിദേശനാണ്യ ശേഖരത്തിലും സമ്മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.

ഇന്ത്യ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രധാനമായും വിദേശത്തുനിന്നുള്ള സ്വര്‍ണ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഇറക്കുമതിയിലുണ്ടായ കുറവ് രാജ്യത്തിന്റെ വ്യാപാരക്കമ്മി നിയന്ത്രിക്കാന്‍ സഹായിച്ചേക്കും. അതേസമയം, തീരുവ വര്‍ധന മാത്രമാണോ ഇടിവിന് കാരണമെന്ന് വ്യക്തമല്ല.

സെപ്റ്റംബറില്‍ ഇന്ത്യയുടെ ആകെ ചരക്ക് ഇറക്കുമതി 74.61 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 69.08 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം, ചരക്ക് കയറ്റുമതി 23.04 ശതമാനം വര്‍ധിച്ച് 44.40 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷത്തെ 33 ബില്യണ്‍ ഡോളറില്‍ നിന്ന് 30.21 ബില്യണ്‍ ഡോളറായി കുറഞ്ഞു.

X
Top