
മുംബൈ: ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയിൽ 2%ത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ എൻഎസ്ഇയിൽ ബാങ്കിന്റെ ഓഹരി വില 2.26 ശതമാനം ഇടിഞ്ഞ് ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 761.25 രൂപയിലെത്തി.
2024, 2025 സാമ്പത്തിക വർഷങ്ങളിൽ എംഎസ്ആർഡിസി ബാങ്കിൽ സൂക്ഷിച്ചിരുന്ന നിക്ഷേപങ്ങളുടെ അധിക പലിശ നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്നതിന് പകരം, ബാങ്കിന്റെ മാർക്കറ്റിംഗ് വകുപ്പ് വഴി മാറ്റി വിട്ടതായാണ് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
പ്രാദേശിക കച്ചവടക്കാർ വഴി റോഡ് സുരക്ഷാ അവബോധ കാമ്പെയ്‌നിനായി ചെലവഴിച്ച തുകയെന്ന വ്യാജേനയാണ് ഈ പണം കൈമാറിയത്.
ഈ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് മുൻ ചെയർമാൻ അതാനു ചക്രവർത്തി കഴിഞ്ഞ മാർച്ച് 18-ന് പെട്ടെന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് ദിവസങ്ങൾക്ക് മുൻപ് ബാങ്കിന്റെ ഓഡിറ്റ് കമ്മിറ്റി തന്നെയാണ് ഈ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.
റിസർവ് ബാങ്കിന്റെ നിക്ഷേപ പലിശ നിയമങ്ങളുടെയും ബാങ്കിന്റെ സ്വന്തം കൈക്കൂലി വിരുദ്ധ നയങ്ങളുടെയും ലംഘനമാണ് ഇതിലൂടെ നടന്നിട്ടുള്ളതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
ബാങ്കിന്റെ എംഡിയും സിഇഒയുമായ ശശിധർ ജഗദീഷൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ഈ പലിശ കൈമാറ്റ ചർച്ചകളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ക്യാബെയ്‌നിന്റെ പേരിൽ ഉണ്ടാക്കിയ ചില വെണ്ടർ ഇൻവോയ്‌സുകളിൽ മതിയായ രേഖകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ ഈ വിഷയത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കോ ആർബിഐയോ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ലഭ്യമാക്കിയിട്ടില്ല.






