
മുംബൈ: വ്യാപാര ഇടപാടുകളും പണമിടപാടുകളും തമ്മിലെ പൊരുത്തക്കേടുകള്‍ ഒഴിവാക്കുന്നതിനായി കണക്കുകള്‍ കൃത്യമാക്കി പഴയ കേസുകള്‍ തീര്‍പ്പാക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. കയറ്റുമതി-ഇറക്കുമതിയുമായി ബന്ധപ്പെട്ട നമ്പറുകളിലെ പിഴവുകള്‍, രേഖകള്‍ നഷ്ടപ്പെടല്‍ തെറ്റായ എന്‍ട്രികള്‍ എന്നിവ മൂലമുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഇവ ബാങ്കുകളില്‍ വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടക്കുകയാണ്.
ബാങ്കുകള്‍ക്ക് പഴയ കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ പരിശോധിച്ച്, ലഭ്യമായ രേഖകള്‍, ഉപഭോക്താക്കളുടെ വിശദീകരണങ്ങള്‍, ഇടപാട് ചരിത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥത്തില്‍ പണം കൈമാറിയതാണെന്ന് ഉറപ്പാക്കി കേസുകള്‍ അവസാനിപ്പിക്കണം.
എന്നാല്‍, ഇതിന് പ്രത്യേക നിയന്ത്രണ ഇളവ് ഇല്ലാത്തതിനാല്‍, പിന്നീട് ആര്‍ബിഐ പരിശോധനയില്‍ വിശദീകരണം നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് ബാങ്കുകള്‍ തീരുമാനമെടുക്കേണ്ടത്.
10 ലക്ഷം വരെ ഇളവ്
2025 ഒക്ടോബറില്‍ ആര്‍ബിഐ ഒരു ഇളവ് നല്‍കിയിരുന്നു. ഒരു ഷിപ്പിങ് ബില്ലിന് 10 ലക്ഷം വരെ പൊരുത്തക്കേടുള്ള എന്‍ട്രികള്‍ ഉണ്ടെങ്കില്‍, കയറ്റുമതിക്കാരോ ഇറക്കുമതിക്കാരോ സെല്‍ഫ് ഡിക്ലറേഷന്‍ നല്‍കിയാല്‍, ആ കേസുകള്‍ ക്ലോസ് ചെയ്യാനാണ് അനുമതി നല്‍കിയത്. ഇതിലൂടെ നിരവധി ചെറിയ കേസുകള്‍ തീര്‍പ്പാക്കാനായി.
ഇനി ആയിരക്കണക്കിന് കോടി രൂപ വിലവരുന്ന വലിയ കേസുകളും തീര്‍പ്പാക്കാനായാല്‍, കമ്പനികള്‍ ഭാവിയില്‍ ഗ്രേ ലിസ്റ്റില്‍പ്പെടുന്നത് ഒഴിവാക്കാം. രാജ്യത്തിന്റെ വിദേശ വ്യാപാര കണക്കുകള്‍ കൂടുതല്‍ കൃത്യമാകും.
2014ല്‍ ആര്‍ബിഐ ആരംഭിച്ച ഒരു ഡിജിറ്റല്‍ സംവിധാനമാണ് ഇഡിപിഎംഎസ് (Export Data Processing and Monitoring System). ഇതിന്റെ പ്രധാന ലക്ഷ്യം, കയറ്റുമതിയുമായി ബന്ധപ്പെട്ട വിദേശനാണ്യ (Forex) വരവുകള്‍ നിരീക്ഷിക്കുക.
കയറ്റുമതിക്കാര്‍ക്ക് പണം ലഭിച്ചോയെന്ന് ഉറപ്പാക്കുക എന്നിവയായിരുന്നു. എന്നാല്‍ നിരവധി കാരണങ്ങളാല്‍ എന്‍ട്രികള്‍ പൊരുത്തപ്പെടുത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പഴയ രേഖകള്‍ നഷ്ടപ്പെടല്‍, കമ്പനികള്‍ ലയിച്ചതിനുശേഷം രേഖകള്‍ ലഭിക്കാത്തത് എന്നിവയെല്ലാം ഇതിന് കാരണമാവുന്നു.






