മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനു ശേഷമുള്ള ആദ്യ പ്രവർത്തനഫലം പുറത്തുവിട്ടു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ബാങ്കിന്റെ അറ്റാദായം 15,976 കോടി രൂപയായി. 51ശതമാനം വർദ്ധനയാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10,605 കോടി രൂപയായിരുന്നു അറ്റാദായം.
ലയന ശേഷമുള്ള പ്രഖ്യാപനമായതിനാൽ കഴിഞ്ഞ വർഷത്തേതുമായി പല കണക്കുകളും താരതമ്യം ചെയ്യാൻ കഴിയില്ല. 14,000 മുതൽ 15,000 കോടി രൂപ അറ്റാദായം ഉണ്ടാകുമെന്ന നിരീക്ഷകരുടെ വിലയിരത്തൽ മറികടന്ന ലാഭമാണ് ഉണ്ടായത്.
വാർഷികാടിസ്ഥാനത്തിൽ അറ്റ പലിശ വരുമാനം 6.7 വർദ്ധിച്ച് 27,385 കോടി രൂപയായി. ബാങ്കിന്റെ പ്രവർത്തനലാഭം 31 ശതമാനം ഉയർന്ന് 22,694 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് അറ്റ വരുമാനം 114 ശതമാനം ഉയർന്ന് 66,317 കോടി രൂപയായെന്നും ബാങ്ക് മേധാവികൾ അറിയിച്ചു. ആകെ നിക്ഷേപം സെപ്തംബറിൽ അവസാനിക്കുന്ന പാദത്തിൽ 30 ശതമാനം ഉയർന്ന് 21,72,858 കോടി രൂപയിലെത്തി.
വാർഷിക അടിസ്ഥാനത്തിൽ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിയിൽ 1.34 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1.24 ശതമാനമായിരുന്നു.
അതേസമയം ഈ വർഷം ജൂൺപാദത്തിൽ ഇത് 1.17 ശതമാനത്തിലായിരുന്നു. മുൻ പാദത്തിലെ 0.30 ശതമാനത്തിൽ നിന്ന് 0.35 ശതമാനമായി ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി ഉയർന്നിട്ടുണ്ട്.
ബാങ്കിന്റെ അറ്റ പലിശ മാർജിൻ രണ്ടാം പാദത്തിൽ 3.4 ശതമാനമായി.