വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

നെടുമ്പാശേരിയിൽ ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

കൊച്ചി: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതിക്ക് നിര്‍ണായക സര്‍ക്കാര്‍ അനുമതി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജില്‍ പദ്ധതിക്കായി കണ്ടെത്തിയ 10.1312 ഹെക്ടര്‍ ഭൂമി തരംമാറ്റുന്നതിനാണ് കൃഷിവകുപ്പ് അനുമതി നല്‍കിയത്.

2008ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് നടപടി. കേരള സ്പോര്‍ട്സ് നയം 2023, കേരള സ്പോര്‍ട്സ് ആക്ട് 2025, കേരള സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സ്‌കീം 2025 എന്നിവ പരിഗണിച്ച് പദ്ധതിയെ ‘പൊതു ആവശ്യം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി.

പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ഏകദേശം 450 കോടി ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം കോംപ്ലക്സ് അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് കെ.സി.എ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയം രൂപകല്‍പ്പന ചെയ്യുക.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള സ്ഥാനം ദേശീയ-അന്തര്‍ദേശീയ ടീമുകള്‍ക്കും ആരാധകര്‍ക്കും യാത്രാസൗകര്യം വര്‍ധിപ്പിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തുതന്നെ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംസ്ഥാനതല സമിതി അപേക്ഷ പരിശോധിച്ച് അനുകൂല ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും നിയമപരമായ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് അന്ന് അനുമതി ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയും കെ.സി.എയ്ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ആവശ്യമായ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി തരംമാറ്റത്തിനുള്ള ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്.

പുതിയ സ്റ്റേഡിയം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ സ്പോര്‍ട്സ് ബിസിനസ് മേഖലയ്ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര മത്സരങ്ങള്‍ കൊച്ചിയിലേക്ക് എത്തുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഗതാഗതം, ഭക്ഷണ-റീട്ടെയില്‍ മേഖലകള്‍ എന്നിവയ്ക്ക് ഉണര്‍വാകും.

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആരാധകര്‍ എത്തുന്നതോടെ സ്പോര്‍ട്സ് ടൂറിസത്തിനും ഗുണം ലഭിക്കും.

സ്റ്റേഡിയത്തിന്റെ നിര്‍മാണഘട്ടത്തിലും പിന്നീട് നടത്തിപ്പ്, സുരക്ഷ, ഇവന്റ് മാനേജ്മെന്റ്, ഫുഡ് ആന്‍ഡ് ബിവറേജ്, മെയിന്റനന്‍സ് തുടങ്ങിയ മേഖലകളിലുമായി നേരിട്ടും അല്ലാതെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

X
Top