കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും, പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ കേരളത്തില്‍ 46,981 കോടി രൂപയുടെ പുതിയ സ്വകാര്യ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.

എന്നാല്‍ ഇതേ കാലയളവില്‍, നേരത്തെ പ്രഖ്യാപിച്ചവ ഉള്‍പ്പെടെ 43,421 കോടി രൂപയുടെ പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടതായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (GIFT) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ കേരള: കംപ്ലീറ്റിംഗ് ദ ഡയസ്പോറ ബാര്‍ഗെയ്ന്‍’ എന്ന പേരിലുള്ള റിപ്പോര്‍ട്ട്, CMIEയുടെ ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ ഡാറ്റാബേസ് അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്.

2022 സാമ്പത്തിക വര്‍ഷം മുതല്‍ 2026 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ യാഥാര്‍ഥ്യമായത് വെറും 6,101 കോടി രൂപയുടെ പദ്ധതികളാണ്. സംസ്ഥാനത്ത് ശരാശരി 98,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്രയും കുറഞ്ഞ തോതില്‍ പദ്ധതികള്‍ പൂര്‍ത്തിയായത്. സജീവമായ പദ്ധതികളുടെ എണ്ണവും 2022 സാമ്പത്തിക വര്‍ഷത്തിലെ 212ല്‍ നിന്ന് 2026ല്‍ 185 ആയി കുറഞ്ഞു.

സംസ്ഥാനം നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, നേരത്തെ പ്രഖ്യാപിച്ചവ യാഥാര്‍ഥ്യമാക്കുകയാണ് വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, വിവിധ അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസം, അനുമതി ലഭിച്ച ശേഷമുള്ള പിന്തുണയിലെ പോരായ്മകള്‍ എന്നിവയാണ് പ്രധാന തടസ്സങ്ങളെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ദക്ഷിണേന്ത്യയിലെ മറ്റ് അഞ്ച് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംയുക്ത സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ കേരളത്തിന്റെ വിഹിതം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം പകുതിയായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തിലെ 4.2 ശതമാനത്തില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ അത് 2.2 ശതമാനമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇക്കാലയളവില്‍ സംസ്ഥാനത്തിന്റെ സ്വന്തം നിക്ഷേപ പദ്ധതികളുടെ തോതില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ആന്ധ്രാപ്രദേശിലെ ഓരോ പൗരനും 3.66 ലക്ഷം രൂപയുടെ നിക്ഷേപ പദ്ധതികളുടെ പിന്തുണയുള്ളപ്പോള്‍, കേരളത്തിലെ ഒരു പൗരന് അത് 28,112 രൂപ മാത്രമാണ്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപ പദ്ധതികളുടെ വ്യാപ്തി ഇപ്പോള്‍ സ്വകാര്യ മേഖലയിലെ പദ്ധതികളേക്കാള്‍ 5.6 മടങ്ങ് വലുതാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിശീര്‍ഷ നിക്ഷേപം 89,096 രൂപയായിരുന്നു. ഇത് 2026 സാമ്പത്തിക വര്‍ഷത്തില്‍ 1.57 ലക്ഷം രൂപയായി ഉയര്‍ന്നു.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന നിക്ഷേപത്തിന്റെ അനുപാതം ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്.

ഇതിനൊപ്പം, കേരളത്തിന്റെ പ്രവാസി സമ്പത്ത് കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള മൈഗ്രേഷന്‍ സര്‍വേ 2023 പ്രകാരം, കേരളത്തിലെ പ്രവാസികള്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് ശരാശരി 60,000 രൂപ വീതം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. ഇത് ഒരു വര്‍ഷം സംസ്ഥാനത്തേക്ക് വരുന്ന പുതിയ നിക്ഷേപത്തിന്റെ 20 മടങ്ങ് കൂടുതലാണ്.

അതായത്, പുതിയ നിക്ഷേപം ഏകദേശം പ്രതിശീര്‍ഷം 2,600 രൂപ മാത്രമാണ്. അതുകൊണ്ടുതന്നെ പ്രവാസികളുടെ പണം യഥാര്‍ഥ നിക്ഷേപമാക്കി മാറ്റുന്നതിനുള്ള ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

X
Top