
മുംബൈ: ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുന്ന നിധി (Nidhi) കമ്പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA). വിപണി നിരക്കിനേക്കാൾ അസാധാരണമാംവിധം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് അവയുടെ നിയമപരമായ സാധുത സ്വയം ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ 395 സ്ഥാപനങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘നിധി’ അംഗീകാരമുള്ളത്.
കമ്പനീസ് ആക്റ്റും 2014-ലെ നിധി ചട്ടങ്ങളും കർശനമായി പാലിച്ചുകൊണ്ട് സമർപ്പിക്കുന്ന എൻ.ഡി.എച്ച്-4 (NDH-4) അപേക്ഷകൾ പരിശോധിച്ച ശേഷമാണ് കേന്ദ്രം ഈ പദവി നൽകുന്നത്. എന്നാൽ, നിധി എന്ന പേരിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കുകയോ നിയമാനുസൃതമായ വ്യവസ്ഥകൾ പാലിക്കുകയോ ചെയ്യുന്നില്ലെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
എന്താണ് നിധി കമ്പനികൾ?
അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനും പരസ്പര സഹായത്തിനുമായി രൂപീകരിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് നിധി കമ്പനികൾ. ഇവ ബാങ്കുകളല്ല; റിസർവ് ബാങ്കിന്റെ നേരിട്ടുള്ള ബാങ്കിംഗ് ലൈസൻസും ഇവയ്ക്കില്ല. ഇവയുടെ പ്രവർത്തനത്തിന് കർശനമായ നിയന്ത്രണങ്ങളുണ്ട്:
കുറഞ്ഞത് ഏഴ് അംഗങ്ങളും ചുരുങ്ങിയത് 5 ലക്ഷം രൂപയുടെ പെയ്ഡ്-അപ്പ് മൂലധനവും (Paid-up Capital) ഉണ്ടായിരിക്കണം.
പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം അംഗസംഖ്യ 200 ആയും പെയ്ഡ്-അപ്പ് മൂലധനവും കരുതൽ ധനവും ചേർത്ത് 10 ലക്ഷം രൂപയായും ഉയർത്തണം.
സമാഹരിക്കുന്ന നിക്ഷേപത്തിന്റെ 10 ശതമാനമെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി സൂക്ഷിക്കണം.
അംഗങ്ങളിൽ നിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും പാടുള്ളൂ. ചിട്ടികൾ, ഓഹരി നിക്ഷേപങ്ങൾ, ഡിബഞ്ചറുകൾ എന്നിവ നടത്താൻ അനുമതിയില്ല.
പരസ്യങ്ങൾ നൽകി നിക്ഷേപം ആകർഷിക്കാനോ ഏജന്റുമാർക്ക് കമ്മീഷൻ നൽകാനോ പാടില്ല.
ദക്ഷിണേന്ത്യയിൽ ഇത്തരം സ്ഥാപനങ്ങൾ വ്യാപകമാണ്. രാജ്യത്തെ മൊത്തം നിധി കമ്പനികളിൽ ഏകദേശം പത്തിലൊന്ന് കേരളത്തിലാണെന്നാണ് കണക്കുകൾ. അതിനാൽ സംസ്ഥാനത്തെ ചെറുകിട നിക്ഷേപകരും പെൻഷൻകാരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പലിശ നിരക്കുകളിലെയും വായ്പകളിലെയും നിയമാനുസൃത പരിധികൾ
2014-ലെ നിധി ചട്ടങ്ങൾ പ്രകാരം നിക്ഷേപങ്ങൾക്കും വായ്പകൾക്കും കൃത്യമായ പരിധികളുണ്ട്. ഇവ മറികടക്കുന്ന വാഗ്ദാനങ്ങൾ നിയമവിരുദ്ധമാണ്:
സ്ഥിരനിക്ഷേപങ്ങൾ (FD & RD): ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (NBFCs) റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള പരമാവധി പലിശ നിരക്കിനേക്കാൾ 2 ശതമാനത്തിൽ കൂടുതൽ പലിശ നൽകാൻ പാടില്ല (നിലവിൽ പരമാവധി 12.5% – 13% പരിധി). നിക്ഷേപ കാലാവധി 6 മാസം മുതൽ 60 മാസം വരെ മാത്രമായിരിക്കും.
സേവിംഗ്സ് അക്കൗണ്ട്: നിധി കമ്പനി നൽകുന്ന സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്ക് ദേശസാൽകൃത വാണിജ്യ ബാങ്കുകൾ നൽകുന്ന നിരക്കിനേക്കാൾ പരമാവധി 2 ശതമാനം വരെ മാത്രമേ വർധിപ്പിക്കാൻ പാടുള്ളൂ.
വായ്പാ പലിശ: ഒരു നിധി കമ്പനി നൽകുന്ന വായ്പകളുടെ പലിശ നിരക്ക്, ആ കമ്പനി നിക്ഷേപകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കിനേക്കാൾ 7.5 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല.
ഈട് നിർബന്ധം: സ്വർണം, വെള്ളി, സ്ഥാവര സ്വത്തുക്കൾ, സർക്കാർ ബോണ്ടുകൾ, എഫ്.ഡി രസീതുകൾ എന്നിവ ഈടായി വാങ്ങി മാത്രമേ വായ്പ നൽകാവൂ; വ്യക്തിഗത വായ്പകൾ (Personal Loans) പൂർണമായി നിരോധിച്ചിരിക്കുന്നു.
വായ്പാ പരിധി: സമാഹരിച്ച നിക്ഷേപത്തിന് ആനുപാതികമായി ഒരാൾക്ക് പരമാവധി 2 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ മാത്രമേ വായ്പ നൽകാൻ അനുവാദമുള്ളൂ.






