
ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച സ്മാർട്ട്ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. 2028 ഓടെയാണ് ഇന്ത്യൻ സ്മാർട്ടഫോണുകൾ വിപണിയിൽ ഇറക്കുക. ഇതിനായുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തയ്യാറാക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
30 ദിവസത്തിനുള്ളിൽ വിശദമായ ഒരു പദ്ധതി രൂപരേഖ കേന്ദ്രസർക്കാർ തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ അസംബ്ലിങ്ങ് മാത്രമാണ് ഉള്ളത്. ചിപ്പുകൾ, ഡിസ്പ്ളേകൾ, മറ്റ് പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സ്വകാര്യ കമ്പനികൾ ഫോൺ നിർമിക്കുകയും കേന്ദ്രസർക്കാർ അതിനുള്ള സാഹചര്യങ്ങൾ ഒരുക്കികൊടുക്കാനുമാണ് ആലോചിക്കുന്നത്.
പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ഫോൺ ആൻഡ്രോയ്ഡിൽ പ്രവർത്തിപ്പിക്കാനാണ് ആലോചിക്കുന്നത്. പ്രീമിയം ഫോൺ അല്ലാതെ എല്ലാവർക്കും താങ്ങാനാവുന്ന വിലയായിരിക്കും ഫോണിനുണ്ടാകുക എന്നാണ് സൂചന.
സ്മാർട്ട്ഫോൺ നിർമാണ മേഖലയിൽ ഇന്ത്യ ഇതിനകം കൈവരിച്ച പുരോഗതിയിലാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഇന്ത്യയിൽ ഇപ്പോൾ മൊബൈൽ ഫോൺ ഘടകങ്ങൾ നിർമിക്കുന്ന 400 മുതൽ 500 നിർമാതാക്കൾ വരെയുണ്ട്. കൂടാതെ ഏകദേശം 35,000 കോടി രൂപയുടെ സ്മാർട്ട്‌ഫോൺ പാർട്സുകൾ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഓഗസ്റ്റിൽ പ്രഖ്യാപിച്ച 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതികൾ. പദ്ധതിയുടെ ഒരു ഭാഗം ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യൻ ബ്രാൻഡുകൾക്ക് വിൽപ്പനയിൽ 5% ഇൻസെന്റീവ് ലഭിക്കും. കൂടാതെ പ്രാദേശിക ഡിസൈനിനും ഗവേഷണത്തിനും 3% ഇൻസെന്റീവ് അധികമായി ലഭിക്കും. കമ്പനിയുടെ 51% ഓഹരികളും ഇന്ത്യൻ പൗരന്മാരുടെ കൈവശം ആയിരിക്കണമെന്നും ഫോണുകളുടെ കോർ ഡിസൈൻ അവകാശങ്ങൾ സ്വന്തമാക്കിയ കമ്പനിയായിരിക്കണം എന്നതുമാണ് നിബന്ധനകൾ. നിലവിൽ മൂന്ന് കമ്പനികളുമായി കേന്ദ്രസർക്കാർ സംസാരിച്ചുവരികയാണ് എന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്.
നിലവിൽ മറ്റ് രാജ്യങ്ങൾ നിർമിച്ച, പ്രധാനമായും ചൈനയിൽ നിർമ്മിച്ച സ്മാർട്ട്ഫോണുകൾക്കാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരം. ഒപ്പോ, വിവോ, റെഡ്മി, റിയൽമി തുടങ്ങിയ കമ്പനികളുടെ വലിയ മാർക്കറ്റ് ആണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ബ്രാൻഡുകളായ മൈക്രോമാക്സ്, ലാവ, കാർബൺ തുടങ്ങിയവ ഇപ്പോൾ മാർക്കറ്റിൽ ഇല്ല.






