
ബെംഗളൂരു: ആപ്പിളിന്റെ ഇന്ത്യയിലെ വികസന പദ്ധതികള്‍ക്ക് തിരിച്ചടിയായി, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും തിരിച്ചയക്കുന്നതായി റിപ്പോര്‍ട്ട്.
ഇത് സെപ്റ്റംബര്‍ പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17-ന്റെ ഉത്പാദന പദ്ധതികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ ഇന്ത്യയിലെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനിടെയാണ് ഈ നീക്കം.
ബംഗളൂരുവിലേതുള്‍പ്പെടെയുള്ള ചില പുതിയ അസംബ്ലി പ്ലാന്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാവാനിരിക്കുകയാണ്. ജൂലൈ 9-ന് പരസ്പര തീരുവ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അമേരിക്കയുമായി ഒരു ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ വ്യാപാര ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ സംഭവ വികാസം.
ചൈനീസ് സര്‍ക്കാര്‍ അവരുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാവാം ഫോക്‌സ്‌കോണിന്റെ ഈ തീരുമാനമെന്നാണ് സൂചന. രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ക്കായി സ്ഥലം കണ്ടെത്തിയിരുന്ന ചില ചൈനീസ് നിര്‍മ്മാതാക്കള്‍ അവരുടെ പദ്ധതികള്‍ മാറ്റിവെച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രസാമഗ്രികളുടെ സാങ്കേതികവിദ്യ തങ്ങളുടെ രാജ്യത്ത് തന്നെ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുകയാണ്. കൂടാതെ, ഐഫോണ്‍ 17 ഇന്ത്യയില്‍ അസംബ്ലി ലൈനുകളില്‍ ഘടിപ്പിക്കാന്‍ ആവശ്യമായ പ്രധാന യന്ത്രങ്ങള്‍ ചൈനീസ് കസ്റ്റംസ് അനിശ്ചിതമായി തടഞ്ഞുവച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് ആപ്പിള്‍ വക്താവ് പ്രതികരിച്ചിട്ടില്ല.
ജൂലൈ പകുതിയോടെ ഇന്ത്യയില്‍ 1,000 പ്രാദേശിക ജീവനക്കാരെ കൂടി നിയമിക്കാന്‍ ഫോക്‌സ്‌കോണ്‍ പദ്ധതിയിട്ടിരുന്നു. നിലവില്‍ ഏകദേശം 40,000 ജീവനക്കാരാണ് ഫോക്‌സ്‌കോണിന് ഇന്ത്യയിലുള്ളത്.
ഇന്ത്യയില്‍ നിന്ന് 27 ബില്യണ്‍ ഡോളറിന്റെ ഐഫോണ്‍ ഉത്പാദനം ആണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഇത് 30-32 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് അവരുടെ ലക്ഷ്യം.
കണക്കനുസരിച്ച്, അടുത്ത 24 മാസത്തിനുള്ളില്‍ യുഎസ് വിപണിയിലേക്കുള്ള മുഴുവന്‍ ആവശ്യകതകളും ഇന്ത്യയില്‍ നിന്ന് നിറവേറ്റാന്‍ ആപ്പിള്‍ തീരുമാനിക്കുകയാണെങ്കില്‍, 2025 സാമ്പത്തിക വര്‍ഷത്തിലെ 22 ബില്യണ്‍ ഡോളറില്‍ നിന്ന് ഉത്പാദന മൂല്യം 40 ബില്യണ്‍ ഡോളറിലധികമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, ടെക്‌നീഷ്യന്‍മാരേയും എഞ്ചിനീയര്‍മാരേയും തിരിച്ചയക്കുന്നത് കാരണം ഈ മുഴുവന്‍ പദ്ധതിയും അവതാളത്തിലായേക്കാം. ഈ വര്‍ഷം ആപ്പിളിന്റെ നാല് മോഡലുകള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, കൂടാതെ ഐഫോണ്‍ 17 എയര്‍ എന്ന പുതിയ വേരിയന്റും ഉള്‍പ്പെടും.