
ഡൽഹി: വലിയ ടെക് നിയന്ത്രിത ആപ്പ് സ്റ്റോറുകൾക്കുള്ള ഇന്ത്യൻ ബദലായ ഇൻഡസ് ആപ്പ് ബസാർ നിർമ്മിച്ച ഒഎസ് ലാബ്‌സിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫോൺപേ. ഏറ്റെടുക്കൽ ഇടപാടിന്റെ മൂല്യം കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതൊരു മുഴുവൻ പണമിടപാടാണെന്ന് ഫോൺപേ വക്താവ് പറഞ്ഞു.
ഏറ്റെടുക്കലിനുശേഷം ഒഎസ് ലാബ്‌സിന്റെ സ്ഥാപകരും അതിലെ 100 ജീവനക്കാരും ഫോൺപേയിൽ ചേരുമെന്ന് ഫോൺപേ വക്താവ് കൂട്ടിച്ചേർത്തു. 2021 മെയ് മുതൽ 60 മില്യൺ ഡോളറിന് ഒഎസ് ലാബ്‌സിനെ സ്വന്തമാക്കാൻ ഫോൺപേ ചർച്ചകൾ നടത്തിവന്നിരുന്നു. എന്നിരുന്നാലും, കമ്പനിയിലെ നിക്ഷേപകരായ അഫിൽ ഗ്ലോബൽ, വെന്ററസ്റ് എന്നിവർ ഉന്നയിച്ച എതിർപ്പിനെ തുടർന്ന് ഫോൺപേക്ക് കരാർ പൂർത്തിയാക്കാൻ കഴിഞ്ഞില്ലായിരുന്നു.
എന്നാൽ നിലവിൽ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ നിയമ തർക്കങ്ങളും പരിഹരിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ ഏറ്റെടുക്കൽ ഫോൺപേയുടെ സൂപ്പർ-ആപ്പ് അഭിലാഷങ്ങൾക്ക് ഒരു ഉത്തേജനമാണ്. ഇതിനകം തന്നെ ചില മിനി ആപ്പുകൾ സംയോജിപ്പിച്ചിട്ടുള്ള ഫോൺപേ സ്വിച്ചിലേക്ക് ഇൻഡസ് ആപ്പ് ബസാർ മുതൽ ലക്ഷക്കണക്കിന് പ്രാദേശികവൽക്കരിച്ച ഇന്ത്യൻ ആപ്പുകളെ കമ്പനി സംയോജിപ്പിക്കും.
ഒരു ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായി ആരംഭിച്ച ഫോൺപേ, 2017-ൽ സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. അതിനുശേഷം, കമ്പനി നിരവധി മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് ഉൽപ്പന്നങ്ങളായ ടാക്സ് സേവിംഗ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ, ഇന്റർനാഷണൽ ട്രാവൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, കോവിഡ്-19 ഇൻഷുറൻസ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. ഫോൺപേയ്ക്ക് 390+ ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്.