
ന്യൂയോർക്ക്: ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഞായറാഴ്ച പ്രഖ്യാപിച്ച കരാർ ആഗോളതലത്തിൽ ആശ്വാസമാകുന്നുണ്ടെങ്കിലും, ഇന്ധനവില വർധനയും ഊർജ വിതരണത്തിലെ പ്രതിസന്ധിയും ഉടനടി പരിഹരിക്കപ്പെടില്ല. ആഗോള ആവശ്യങ്ങൾക്കനുസരിച്ച് ഊർജ കമ്പനികൾക്ക് പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.
അസംസ്കൃത എണ്ണയുടെ ഗതാഗതവും ശുദ്ധീകരണവും മന്ദഗതിയിലായതും കടലിടുക്കിലൂടെയുള്ള യാത്രയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുമാണ് പ്രതിസന്ധി നീളാൻ കാരണം. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ലോകത്തെ എണ്ണ, ഗ്യാസോലിൻ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിൽ മൂന്ന് മാസത്തിലേറെയായി എണ്ണക്കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് കപ്പലുകൾക്ക് പേർഷ്യൻ ഗൾഫിൽ തുടരേണ്ടി വന്നത്.
ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ച് പ്രവർത്തനം തുടങ്ങാനും ഇനിയും സമയമെടുക്കുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ എനർജിയിലെ ഇന്ധന, റിഫൈനിങ് ഗവേഷണ വിഭാഗം മേധാവി ഡാനിയൽ ഇവാൻസ് വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ ആദ്യം കടലിടുക്കിൽ നിന്ന് പുറത്തുകടക്കണം. അതിനുശേഷം മാത്രമേ പുതിയ ടാങ്കറുകൾക്ക് പ്രവേശിക്കാനും എണ്ണ നിറയ്ക്കാനും സാധിക്കൂ.
കപ്പലുകൾ സുരക്ഷിതമായി കൊണ്ടുവരാനും എണ്ണ നിറച്ച് പുറത്തെത്തിക്കാനും കഴിയുമെന്ന ഉറപ്പ് ലഭിക്കേണ്ടതുണ്ട്. എണ്ണ ടാങ്കറുകളുടെ യാത്ര വളരെ പതുക്കെയാണെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കടലിടുക്കിൽ നിന്ന് വിദൂര രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത്, അസംസ്കൃത എണ്ണ ശുദ്ധീകരണശാലകളിൽ എത്തിച്ച് പ്രോസസ് ചെയ്ത ശേഷം അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ മാസങ്ങൾ വേണ്ടിവരും.
ഉത്പാദനം പുനരാരംഭിക്കാൻ വൈകും
സംഭരണശേഷി അവസാനിച്ചതോടെ മിഡിൽ ഈസ്റ്റിലെ ചില ഉത്പാദകർ എണ്ണ ഖനനം താത്കാലികമായി നിർത്തിവച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് വളരെ സാവധാനത്തിലേ നടക്കൂ. ഹോർമുസ് കടലിടുക്കിന് പുറമെ എണ്ണ വിതരണത്തിന് മറ്റ് പൈപ്പ്‌ലൈനുകളോ ബദൽ മാർഗങ്ങളോ ഉള്ള സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്ക് വേഗത്തിൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് വുഡ് മക്കെൻസിയിലെ സീനിയർ വൈസ് പ്രസിഡൻ്റ് അലൻ ഗെൽഡർ പറഞ്ഞു.
എന്നാൽ ഇറാഖ് പോലുള്ള രാജ്യങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയാകും. ഖനനം നിർത്തിവച്ചതും എണ്ണപ്പാടങ്ങളിലെ ബുദ്ധിമുട്ടുകളും കാരണം ഇറാഖിന് പഴയ നിലയിലേക്ക് മടങ്ങാൻ ഒരു വർഷത്തോളം വേണ്ടിവന്നേക്കാം. കടലിടുക്ക് അടച്ചതോടെ ഊർജ മേഖലയിലെ നിക്ഷേപങ്ങൾ പൂർണമായും നിലച്ചിരുന്നു. ഇതിൻ്റെ ഫലം കാണാൻ വർഷങ്ങളെടുക്കുമെന്നതിനാൽ മൂലധനം വീണ്ടും സമാഹരിക്കാൻ സമയമെടുക്കും.
ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുകയും വെടിനിർത്തൽ മുപ്പതോ അറുപതോ ദിവസത്തിലധികം നീണ്ടുനിൽക്കുമെന്ന് ബോധ്യപ്പെടുകയും ചെയ്യാതെ ഉത്പാദകർ ഖനനം പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന് കൊളംബിയ സർവകലാശാലയിലെ സെൻ്റർ ഓൺ ഗ്ലോബൽ എനർജി പോളിസി സീനിയർ ഫെലോ ഡാനിയൽ സ്റ്റെർനോഫ് ചൂണ്ടിക്കാട്ടി.
കടലിടുക്ക് തുറന്നു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ, കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ എത്ര വേഗത്തിൽ പുറത്തെത്തിക്കാൻ കഴിയുമെന്നോ നിലവിൽ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






