
ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പത്തില്‍ (WPI) വലിയ വര്‍ധനവ്. ഏപ്രിലില്‍ 8.3 ശതമാനമായിരുന്ന പണപ്പെരുപ്പം മെയ് മാസത്തില്‍ 9.68 ശതമാനമായാണ് ഉയര്‍ന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഈ കുതിപ്പിന് പ്രധാന കാരണം. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ മൂലമുണ്ടായ അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവ് വിപണിയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
ഇന്ധന, വൈദ്യുതി മേഖലകളാണ് പണപ്പെരുപ്പത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത്. ഇന്ധന വിഭാഗത്തിലെ പണപ്പെരുപ്പം 24.71 ശതമാനത്തില്‍ നിന്ന് 30.33 ശതമാനമായി കുതിച്ചു. ഇതില്‍ തന്നെ അസംസ്‌കൃത പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ പണപ്പെരുപ്പം 61.51 ശതമാനമായും മിനറല്‍ ഓയിലുകളുടേത് 49.82 ശതമാനമായും ഉയര്‍ന്നു. ഊര്‍ജ്ജ ചെലവുകള്‍ വര്‍ധിച്ചത് നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള മിക്ക വ്യവസായങ്ങളുടെയും പ്രവര്‍ത്തനച്ചെലവ് കൂട്ടുകയും വിപണിയിലെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു.
ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഭക്ഷ്യ പണപ്പെരുപ്പം ഏപ്രിലിലെ 3.11 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 4.49 ശതമാനമായി ഉയര്‍ന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവ് പ്രകടമാണ്. കൂടാതെ, നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പം 6.68 ശതമാനത്തില്‍ നിന്ന് 7.48 ശതമാനമായും വര്‍ധിച്ചു. ഇതോടെ അടിസ്ഥാനപരമായ ഉല്‍പാദനച്ചെലവുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെ മൊത്തവില സൂചിക കണക്കാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അടിസ്ഥാന വര്‍ഷം 2011-12-ല്‍ നിന്ന് 2022-23 ആയി പുതുക്കി. പുതിയ രീതി അനുസരിച്ച് ഡബ്‌ളിയു പി ഐ ബാസ്‌കറ്റിലെ ഇനങ്ങളുടെ എണ്ണം 697-ല്‍ നിന്ന് 957 ആയി ഉയര്‍ത്തി. സൗരോര്‍ജ്ജം, കാറ്റ്, ആണവോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് കൂടി ഉള്‍പ്പെടുത്തി കണക്കുകള്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.






