കൊച്ചി: ഇന്ധനമായി വലിയ തോതിൽ എത്തനോൾ ഉപയോഗിച്ച് തുടങ്ങിയതോടെ ആഭ്യന്തര വിപണിയിൽ പഞ്ചസാര വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയേറുന്നു.
രാജ്യത്തെ എണ്ണ ഇറക്കുമതി ബിൽ വലിയ തോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വിവിധ ഇന്ധനങ്ങളിൽ 10 ശതമാനം എത്തനോൾ മിശ്രണം വേണമെന്ന നിബന്ധന പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയത്. രാജ്യാന്തര വിപണിയിൽ നിലവിൽ പഞ്ചസാര വില പന്ത്രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ മൂലം ആഭ്യന്തര വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
പഞ്ചസാരയുടെ ചില്ലറ വില നിലവിൽ കിലോഗ്രാമിന് 45 രൂപ മുതൽ 48 രൂപയാണെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വില പിടിച്ചു നിറുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പഞ്ചസാരയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനാലാണ് വില ഇപ്പോഴും നിയന്ത്രണവിധേയമായി തുടരുന്നതെന്നും വ്യാപാരികൾ പറയുന്നു.
നവംബർ ഒനിനു ശേഷം വലിയ തോതിൽ എത്തനോൾ വാങ്ങുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ കഴിഞ്ഞ ദിവസം പുതിയ ടെണ്ടർ വിളിച്ചിരുന്നു. വിവിധ ഇന്ധനങ്ങളിൽ ചേർക്കുന്നതിനായി 112 കോടി ലിറ്റർ എത്തനോൾ വിപണിയിൽ നിന്നും അടുത്ത ആറു മാസത്തിനുള്ളിൽ വാങ്ങാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം കരിമ്പ് ഉത്പാദനത്തിൽ ഇടിവുണ്ടായതും ഇന്ധന ആവശ്യത്തിന് എത്തനോൾ ഉപയോഗം കൂടിയതും വിലക്കയറ്റ ഭീതി ശക്തമാക്കുന്നു. കരിമ്പ് കൃഷി നടക്കുന്ന പ്രധാന മേഖലകളായ മഹാരാഷ്ട്രയിലും കർണാടകയിലും ഇത്തവണ മഴ കാര്യ മായി ലഭിക്കാത്തതിനാൽ ഉത്പാദനത്തിൽ ഇരുപത് ശതമാനം വരെ കുറവുണ്ടാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.
അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 2003 മുതലാണ് ഇന്ത്യ വാഹനങ്ങളിൽ എത്തനോൾ ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങിയത്. രാജ്യത്തെ ഇന്ധന ഇറക്കുമതി ബാധ്യത ഗണ്യമായി കുറയ്ക്കാനും നയം ലക്ഷ്യമിടുന്നു.
തുടക്കത്തിൽ അഞ്ച് ശതമാനം എത്തനോൾ ബ്ലെൻഡിംഗാണ് നിശ്ചയിച്ചിരുന്നെങ്കിലും നിലവിൽ പത്ത് ശതമാനമാണ് മിശ്രണം. 2025 ൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളിൽ 20 ശതമാനം എത്തനോൾ ബ്ലെൻഡിംഗ് കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16620 കോടി ഡോളറിന്റെ ക്രൂഡോയിൽ ഇറക്കുമതിയാണ് നടത്തിയിരുന്നത്. എത്തനോൾ ഉപയോഗം ഗണ്യമായി കൂടുന്നതോടെ വ്യാപാര കമ്മി കുറയ്ക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.