ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഓണക്കാലത്ത് ഗൃഹോപകരണ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നു

ലയാളി എന്തും വാങ്ങുന്ന കാലമെന്ന് ഓണ വിപണിയെ വിളിക്കാം. ഓഫറുകളും ഡിസ്കൗണ്ടുകളും സമ്മാന പദ്ധതികളുമെല്ലാമാണ് ഒരു കാരണം. ഓണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്ന മേഖലകളിലൊന്നാണ് ഗൃഹോപകരണ വിപണി.

പുതിയവ വാങ്ങുന്നുവെന്ന് മാത്രമല്ല, പഴയത് മാറ്റി വാങ്ങുന്നതിനും മലയാളി തിരഞ്ഞെടുക്കുന്നത് ഓണക്കാലമാണ്. ഒരാഴ്ച മുമ്പുവരെ മന്ദഗതിയിലായിരുന്ന ഗൃഹോപകരണ വിപണി ഇപ്പോൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി, മിക്സി, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ എന്നിവക്കെല്ലാമാണ് ഓണക്കാലത്ത് ഡിമാൻഡ് കൂടുതൽ. മൊബൈൽ ഫോൺ ഏറ്റവുമധികം വിറ്റഴിക്കുന്നതും ഓണ സീസണിലാണ്.

മുമ്പ് 22 ഇഞ്ച് വലുപ്പമുള്ള ടി.വികൾക്കായിരുന്നു ഡിമാൻഡ്. പിന്നീടത് 32 ഇഞ്ചായി. ഇപ്പോൾ 100 കടന്ന് മുന്നോട്ട് കുതിക്കുകയാണ്. സവിശേഷതകൾക്കനുസരിച്ച് 32 ഇഞ്ച് ടി.വികൾക്ക് 5,990 രൂപ മുതൽ 32,000 രൂപ വരെയാണ് വില.

മുറിയിലെ ശബ്ദത്തിനും വെളിച്ചത്തിനുമനുസരിച്ച് എ.ഐ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള ടി.വികൾ വിപണിയിലെ രാജാക്കന്മാരാണ്. യഥാർഥ കാഴ്ചയുടെ പ്രതീതി നൽകുന്ന സാങ്കേതികവിദ്യയാണ് പ്രത്യേകത.

ചിത്രങ്ങളുടെ മിഴിവിനും ശബ്ദത്തിന്‍റെ വ്യക്തതക്കുമാണ് ഉപഭോക്താക്കൾ പ്രാധാന്യം നൽകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ രംഗത്തുവന്നതോടെ ഇത്തരം ടി.വികൾക്ക് ആവശ്യക്കാരും കൂടി.

ടി.വിയുടെ ശരാശരി ആയുസ്സ് മുമ്പത്തേക്കാൾ കുറഞ്ഞതോടെ സമ്മാനങ്ങൾക്ക് പകരം അധികവാറൻറിയാണ് കമ്പനികളുടെ വാഗ്ദാനം.

നൂതന മാറ്റങ്ങളിൽ റഫ്രിജറേറ്ററുകൾ
നൂതന മാറ്റങ്ങളാണ് റഫ്രിജറേറ്ററുകളെ ശ്രദ്ധേയമാക്കുന്നത്. സാംസങ് പുറത്തിറക്കിയ ഫാമിലി ഹബ് മോഡലിൽ ബ്ലൂടൂത്ത്, വൈഫൈ സൗകര്യങ്ങളോടെ ടാബായി ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്.

ഫ്രിഡ്ജിലെ ടാബിൽ കുക്കിങ് ഷോ കണ്ടുകൊണ്ടോ പാട്ട് കേട്ടുകൊണ്ടോ അടുക്കളയിൽ പാചകം ചെയ്യാം. മൂന്നര ലക്ഷത്തോളം വില വരുന്ന റഫ്രിജറേറ്ററുകൾ വരെ വിപണിയിലുണ്ട്.

കംപ്രസറിന് 10 വർഷ വാറൻറി നൽകുന്ന ഇൻവെർട്ടർ ടെക്നോളജിയുള്ള ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ മോഡലുകൾക്കാണ് ഡിമാൻഡ്. വൈദ്യുതി ലാഭിക്കാമെന്നതാണ് മെച്ചം.

കൂടാതെ ഫ്രീസർ കമ്പാർട്മെന്‍റിനെ ആവശ്യമുള്ളപ്പോൾ റഫ്രിജറേറ്റർ കമ്പാർട്ടുകളാക്കി മാറ്റാവുന്ന മോഡലുകൾക്കും ആവശ്യക്കാരുണ്ട്. 10,000 രൂപ മുതൽ നാലുലക്ഷം രൂപവരെയുള്ള റഫ്രിജറേറ്ററുകൾ വിപണിയിൽ ലഭ്യമാണ്.

സെമി ഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് എന്നീ റേഞ്ചുകളിലാണ് വാഷിങ് മെഷീൻ. സെമി ഓട്ടോമാറ്റിക്കിന് 6990 രൂപ മുതലാണ് വില.

ശേഷിക്കനുസരിച്ച് ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡിന് 13,000 മുതൽ 40,000 വരെയും ഫ്രണ്ട് ലോഡിന് 21,000 മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെയും വിലയുണ്ട്. ഒരേ സമയം ഫ്രണ്ട് ലോഡായും ടോപ് ലോഡായും ഉപയോഗിക്കാവുന്നവയും വിപണിയിലുണ്ട്.

ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡിനാണ് ആവശ്യക്കാരേറെ. സെമി ഓട്ടോമാറ്റിക്കിന് പ്രിയം കുറഞ്ഞുവരുകയാണെന്ന് വ്യാപാരികൾ പറയുന്നു.

എയർ കണ്ടീഷണറുകളുടെ വിൽപനയും വലിയ തോതിൽ കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കത്തുന്ന വേനലിനു ശേഷം മങ്ങിയ വിപണി ഇപ്പോൾ ഓണം ഓഫറുകളിൽ വീണ്ടും കുതിക്കുകയാണ്.

1600 രൂപ മുതൽ 9000 രൂപ വരെയുള്ള മിക്സികളും 5,000 രൂപ മുതൽ 26,000 രൂപ വരെയുള്ള ഓവനുകളുമുണ്ട്. എയർ ഫ്രയറുകൾക്കും വിപണിയിൽ ആവശ്യക്കാർ കൂടിവരുകയാണ്. ചില ഉൽപന്നങ്ങളുടെ നിർമാണചെലവ് കൂടിയിട്ടുണ്ടെങ്കിലും വിലകളിൽ മിതമായ മാറ്റം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനികളുടെ വക്താക്കളും ചൂണ്ടിക്കാട്ടുന്നു.

ഓണവിപണി; പ്രതീക്ഷിക്കുന്നത് 30 ശതമാനത്തിന്‍റെ വളർച്ച
ഓണവിപണിക്ക് തുടക്കം കുറിച്ചിരിക്കെ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐ.ടി ഉൽപന്നങ്ങളുടെയും വിൽപന മൂല്യത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 30 ശതമാനത്തിലേറെ.

ജൂലൈ മുതൽ സെപ്‌റ്റംബർ അവസാനം വരെയുള്ള കാലയളവിനെയാണ് ‘ഓണം ഷോപ്പിങ് സീസൺ’ എന്നു വ്യാപാരികൾ വിളിക്കുന്നത്. ഇത്തവണ ഓണക്കാല വിൽപന 5500 കോടിയോളം രൂപയുടേതായിരിക്കുമെന്നാണ് അനുമാനം. കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന വിൽപനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷത്തെ സീസണിൽ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐ.ടി ഉൽപന്നങ്ങളുടെയും വിൽപന 4197 കോടി രൂപയുടേതായിരുന്നു. ഇവയുടെ വാർഷിക വിൽപനയിൽ 30 ശതമാനത്തോളവും ലഭിച്ചത് ഓണക്കാലത്താണ്. വാർഷിക വിൽപന 14,337 കോടി രൂപയുടേതായിരുന്നു.

X
Top