ന്യൂഡൽഹി: സെപ്റ്റംബറിൽ കേന്ദ്ര അടിസ്ഥാന സൗകര്യ പദ്ധതികളിലെ അധിക ചെലവിടല്‍ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് പദ്ധതികളുടെ പ്രാരംഭമായി കണക്കാക്കിയിരുന്ന ചെലവിനേക്കാള്‍ 21.92 ശതമാനം കൂടുതലാണ് സെപ്റ്റംബറിലെ എസ്റ്റിമേറ്റ് ചെലവ്.
150 കോടി രൂപയും അതിന് മുകളിലും മൂല്യമുള്ള പദ്ധതികളുടെ ചെലവിടല്‍ സംബന്ധിച്ച കണക്കുകളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. 4.5 ലക്ഷം കോടി രൂപ ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അധികം ചെലവഴിക്കേണ്ടി വരുമെന്നാണ് സെപ്റ്റംബറില്‍ കണക്കാക്കുന്നത്.
ഇതോടെ ഈ പദ്ധതികള്‍ക്കു വേണ്ട മൊത്തം ചെലവ് 24.8 ലക്ഷം കോടി രൂപയായി ഉയർന്നു.
റെയിൽവേ, ജലവിഭവ മന്ത്രാലയങ്ങളിലെ പദ്ധതികളാണ് കൂടുതലായി അധിക ചെലവ് രേഖപ്പെടുത്തിയിട്ടുള്ളത്. 173 റെയില്‍വേ പദ്ധതികളില്‍ യഥാർത്ഥ ചെലവിനേക്കാൾ 68.1 ശതമാനം കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നു.
ജലവിഭവ മന്ത്രാലയത്തിന്റെ 41 പദ്ധതികൾ 195.6 ശതമാനം അധിക ചെലവ് നേരിടുന്നു, അതേസമയം നിരീക്ഷിക്കപ്പെടുന്ന മൊത്തം പദ്ധതികളില്‍ പകുതിയോളം വരുന്ന റോഡ് പദ്ധതികളില്‍ 4.3 ശതമാനം അധിക ചെലവിടലാണ് വന്നിട്ടുള്ളത്.
സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ വടക്കുകിഴക്കന്‍ സംസാഥാനങ്ങളിലെ പദ്ധതികളാണ് അധിക ചെലവ് വരുത്തുന്നതില്‍ മുന്നില്‍, തൊട്ടുപിന്നില്‍ ആന്ധ്രാപ്രദേശാണ് ഉള്ളത്.