
കൊച്ചി: കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വെളിച്ചെണ്ണ വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് 500 രൂപ കടന്നിരുന്നു. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു വെളിച്ചെണ്ണ വില ഇത്രയും ഉയരത്തിലെത്തുന്നത്. എന്നാല്‍ പിന്നീട് തേങ്ങയുടെയും കൊപ്രയുടെയും വരവ് കൂടിയതോടെ വില ക്രമാനുഗതമായി താഴേക്ക് പോയി. ഇത്തവണയും ഓണം അടുത്തതോടെ വില വീണ്ടും ഉയര്‍ന്നു തുടങ്ങി.
കിലോഗ്രാമിന് 310-340 രൂപ നിരക്കിലാണ് ഒട്ടുമിക്ക സ്വകാര്യ കമ്പനികളുടെയും വില. ഓണക്കാലത്താണ് സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ ഉപയോഗം ഏറ്റവും കൂടുന്നത്. ഒട്ടുമിക്ക ഓണ സീസണുകളിലും ഇതരസംസ്ഥാന ലോബി വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്.
ഓണത്തിന് മുമ്പേ തമിഴ്‌നാട്ടില്‍ നിന്നുള്ള മില്ലുകള്‍ കൊപ്ര വാങ്ങിക്കൂട്ടിയിരുന്നു. പിന്നീട് സംഘടിതമായി വിപണിയിലേക്കുള്ള വെളിച്ചെണ്ണ ലഭ്യത കുറയ്ക്കും. വില കൃത്രിമമായി ഉയര്‍ത്തി കൂടുതല്‍ ലാഭം കൊയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തന്ത്രം.
മറുവഴിയുമായി മലയാളികള്‍
കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നപ്പോള്‍ മലയാളി കുടുംബങ്ങള്‍ ബദല്‍ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞിരുന്നു. സണ്‍ഫ്‌ളവര്‍ ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍, പാം ഓയില്‍ തുടങ്ങിയ താരതമ്യേന കുറഞ്ഞ വിലയുള്ള ഭക്ഷ്യഎണ്ണകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചു. എണ്ണയുടെ ഉപയോഗം തന്നെ കുറയ്ക്കുന്ന പാചകരീതികള്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിച്ചതും വെളിച്ചെണ്ണ ഉപയോഗം കുറയ്ക്കാന്‍ വഴിയൊരുക്കി.
ഡീപ് ഫ്രൈ ചെയ്യുന്നതിനു പകരം ആവിയില്‍ വേവിക്കല്‍, ഗ്രില്‍ ചെയ്യല്‍, എയര്‍ ഫ്രയര്‍ ഉപയോഗിക്കല്‍, കുറഞ്ഞ എണ്ണയില്‍ താളിക്കല്‍ തുടങ്ങിയ രീതികള്‍ വീടുകളില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഇത്തവണ ലഭ്യത കുറച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള നീക്കം കാര്യമായി വിജയിക്കില്ലെന്നാണ് കച്ചവടക്കാര്‍ നല്കുന്ന സൂചന.
പൊതുമേഖല സ്ഥാപനമായ കേരഫെഡിന്റെ ഇടപെടലും വെളിച്ചെണ്ണ വില ഒരുപരിധിക്കപ്പുറത്തേക്ക് ഉയരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. കേരഫെഡിന്റെ ഒരുലിറ്റര്‍ പാക്കറ്റിന് നിലവില്‍ 299 രൂപയാണ് വില. 332 രൂപയായിരുന്നു കഴിഞ്ഞ മാസം വരെ വില. അരലിറ്ററിന്റേ പാക്കിന് 150 രൂപയുമാണ് ഈടാക്കുന്നത്.
തേങ്ങ ഉത്പാദനം കുറയുന്നു
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്.
2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്.






