
2026 ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെറു സമ്പാദ്യ പദ്ധതികളുടെ (Small Savings Schemes) പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), സുകന്യ സമൃദ്ധി യോജന എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ ഇത്തവണയും മാറ്റം വരുത്തിയിട്ടില്ല. വിപണിയിലെ പണപ്പെരുപ്പ സാഹചര്യങ്ങള്‍ക്കിടയിലും നിക്ഷേപകര്‍ക്ക് സുരക്ഷിത വരുമാനം നല്‍കുന്ന നിലവിലെ ഉയര്‍ന്ന നിരക്കുകള്‍ തന്നെ തുടരാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.
നിരക്കുകള്‍ തുടരുംകഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലും ഈ നിരക്കുകള്‍ തുടരാനാണ് കേന്ദ്ര തീരുമാനം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), സുകന്യ സമൃദ്ധി യോജന (SSY) തുടങ്ങിയ ജനപ്രിയ പദ്ധതികളുടെ നിരക്കുകള്‍ പഴയപടി തന്നെ തുടരുമെന്ന് സാരം.
എന്തുകൊണ്ട് പലിശ നിരക്ക് സര്‍ക്കാര്‍ മാറ്റിയില്ല
പണപ്പെരുപ്പവും, ഗവണ്‍മെന്റ് ബോണ്ട് വരുമാനവും വര്‍ദ്ധിച്ച സാഹചര്യമുണ്ടായിട്ടും പലിശ നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാരണം നിലവില്‍ തന്നെ ഭൂരിഭാഗം പദ്ധതികളും മികച്ച പലിശ (7 ശതമാനത്തിന് മുകളില്‍) നല്‍കുന്നുണ്ട്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), സുകന്യ സമൃദ്ധി എന്നിവയ്ക്ക് ഇതിനകം തന്നെ 8.2% എന്ന ഉയര്‍ന്ന പലിശയുണ്ട്.
മുന്‍കാലങ്ങളില്‍ പണപ്പെരുപ്പവും, ബോണ്ട് വരുമാനവും കുറവായിരുന്നപ്പോള്‍, പലിശ നിരക്ക് കുറയ്ക്കാന്‍ സാഹചര്യമുണ്ടായിരുന്നിട്ടും നിക്ഷേപകരെ കരുതി സര്‍ക്കാര്‍ പലിശ കുറച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നിരക്ക് കൂട്ടേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ പലിശ നിരക്കുകള്‍
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് – 4.00% (വാര്‍ഷികം)
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് – 6.9% (ത്രൈമാസത്തില്‍ കണക്കാക്കുന്നു)
2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് – 7.0% (ത്രൈമാസത്തില്‍ കണക്കാക്കുന്നു)
3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് – 7.1% (ത്രൈമാസത്തില്‍ കണക്കാക്കുന്നു)
5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് – 7.5% (ത്രൈമാസത്തില്‍ കണക്കാക്കുന്നു)
5 വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് (RD) – 6.70% (ത്രൈമാസത്തില്‍ കണക്കാക്കുന്നു)
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS) – 8.2% (ത്രൈമാസത്തില്‍ കണക്കാക്കുന്നു)
പ്രതിമാസ വരുമാന പദ്ധതി (Monthly Income Account) – 7.4% (പ്രതിമാസം നല്‍കുന്നത്)
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC) – 7.7% (വാര്‍ഷികം)
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) – 7.10% (വാര്‍ഷികം)
പണപ്പെരുപ്പവും സര്‍ക്കാര്‍ ബോണ്ടും ചെറു സമ്പാദ്യ പദ്ധതികളും
പണപ്പെരുപ്പം: പണപ്പെരുപ്പം കൂടുമ്പോള്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന യഥാര്‍ത്ഥ വരുമാനം (Real return) കുറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അടിസ്ഥാന പലിശ നിരക്കുകള്‍ കൂട്ടാറുണ്ട്. സമ്പാദ്യങ്ങളുടെ മൂല്യം കുറയാതിരിക്കാന്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി പലിശ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ ഇത് സമ്മര്‍ദ്ദം ചെലുത്തും.
ബോണ്ട് വരുമാനം: ശ്യാമള ഗോപിനാഥ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഗവണ്‍മെന്റ് ബോണ്ടുകളുടെ (G-Sec) ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിശ്ചയിക്കുന്നത്. ബോണ്ട് വരുമാനത്തോടൊപ്പം ചെറിയൊരു ശതമാനം കൂടി (25- 100 ബേസിസ് പോയിന്റ്) ചേര്‍ത്താണ് പലിശ തീരുമാനിക്കുന്നത്. അതായത്, ബോണ്ട് യീല്‍ഡ് കൂടുമ്പോള്‍ സ്വാഭാവികമായും ഈ പദ്ധതികളുടെ പലിശയും കൂടേണ്ടതാണ്.
മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഭയക്കുന്നവര്‍ക്കും, കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരന്റിയുള്ള ഈ പദ്ധതികള്‍ വലിയൊരാശ്വാസമാണ്. റിട്ടയര്‍മെന്റിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുന്ന പ്രവാസികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും SCSS, MIS പോലുള്ള പദ്ധതികള്‍ മികച്ച സ്ഥിര വരുമാനം ഉറപ്പാക്കുന്നു.
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും, വിവാഹത്തിനും കരുതിവെക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പോലുള്ളവ മികച്ച സ്‌കീമുകളുണ്ട്. പിപിഎഫ്, എന്‍എസ്‌സി തുടങ്ങിയവയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. ഇത് ശമ്പളവരുമാനക്കാരായ ആളുകള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭൂരിഭാഗം പദ്ധതികള്‍ക്കും (ഉദാഹരണത്തിന് PPF ന് 15 വര്‍ഷം) നിശ്ചിത കാലാവധി ഉള്ളതിനാല്‍ പെട്ടെന്നുള്ള അത്യാവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ നേട്ടം കുറയും.
ചില പദ്ധതികളില്‍ (ഉദാഹരണത്തിന് ടൈം ഡെപ്പോസിറ്റുകള്‍, NSC) നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങളുടെ നികുതി സ്ലാബ് അനുസരിച്ച് ആദായ നികുതി നല്‍കേണ്ടി വരും.
ഭാവിയില്‍ പണപ്പെരുപ്പം ഈ പദ്ധതികള്‍ നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ കൂടിയാല്‍, നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ത്ഥ ലാഭം നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ട്.
ഈ പദ്ധതികളുടെ പലിശ നിരക്കുകള്‍ എല്ലാ മൂന്ന് മാസം കൂടുമ്പോഴും സര്‍ക്കാര്‍ അവലോകനം ചെയ്യും.
സ്ഥിരനിക്ഷേപങ്ങളെപ്പോലെ അക്കൗണ്ട് തുറക്കുന്ന സമയത്തെ പലിശ എല്ലാ സ്‌കീമുകളിലും കാലാവധി വരെ ലഭിക്കണമെന്നില്ല.






