Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

പി എഫ് നിയമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍; തൊഴിലുടമകള്‍ക്ക് നികുതി ഇളവില്‍ കൂടുതല്‍ വ്യക്തത

ന്യൂഡൽഹി: അംഗീകൃത പ്രൊവിഡന്റ് ഫണ്ടുകളുമായി (Recognised Provident Fund) ബന്ധപ്പെട്ട നികുതി വ്യവസ്ഥകള്‍ ലളിതമാക്കാന്‍ ഇത്തവണത്തെ ബജറ്റിനൊപ്പമുള്ള ഫിനാന്‍സ് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക ഭേദഗതികള്‍ നിര്‍ദേശിച്ചു.

ജീവനക്കാരുടെ പി.എഫ് സംഭാവനകള്‍ തൊഴിലുടമകള്‍ നികുതി ഇളവിന് അര്‍ഹമാകുന്ന വിധത്തില്‍ അടയ്‌ക്കേണ്ട അവസാന തീയതിയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. പഴയ വ്യവസ്ഥകള്‍ ഒഴിവാക്കി, വരുമാന നികുതി നിയമവും ഇ.പി.എഫ്-അനുബന്ധ വ്യവസ്ഥ നിയമം-1952ഉം തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

പഴയ വ്യവസ്ഥകള്‍ ഒഴിവാക്കും
ഫിനാന്‍സ് ബില്‍-2026 പ്രകാരം, വരുമാന നികുതി നിയമത്തിലെ ഷെഡ്യൂള്‍-11ല്‍ ഉള്‍പ്പെട്ടിരുന്ന നിരവധി പഴയ വ്യവസ്ഥകള്‍ ഒഴിവാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. പി.എഫ് സംഭാവനകളില്‍ ജീവനക്കാരും തൊഴിലുടമകളും നല്‍കേണ്ട ശതമാനം, പരസ്പര തുല്യത (parity) തുടങ്ങിയ പഴയ നിയന്ത്രണങ്ങളാണ് ഇതോടെ ഒഴിവാകുന്നത്.

ഇനി പി.എഫ്. നികുതി ചട്ടങ്ങള്‍ EPF Act-ലെയും EPF Scheme, 1952-ലെയും വ്യവസ്ഥകള്‍ക്കനുസൃതമായിരിക്കും. ഇതിലൂടെ സ്വകാര്യ പി.എഫ്. ട്രസ്റ്റുകള്‍ക്കും തൊഴിലുടമകള്‍ക്കും നിയമപരമായ ആശയക്കുഴപ്പം കുറയും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

തൊഴിലുടമയുടെ സംഭാവന-7.5 ലക്ഷം വാര്‍ഷിക പരിധി
ജീവനക്കാരുടെ പി.എഫ്., നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS), അംഗീകൃത സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് എന്നിവയിലേക്ക് തൊഴിലുടമ നല്‍കുന്ന സംഭാവനകളുടെ ഏകീകൃത വാര്‍ഷിക പരിധി 7.5 ലക്ഷം രൂപയായി തുടരും.

ഇതുവരെ നിലനിന്നിരുന്ന വിവിധ ശതമാന പരിധികളും സങ്കീര്‍ണമായ വ്യവസ്ഥകളും ഒഴിവാക്കി, വ്യക്തമായ ഒരു പരിധിയിലേക്ക് കൊണ്ടുവരുന്നതാണ് ഈ മാറ്റം. ഈ പരിധി കവിഞ്ഞ സംഭാവനകള്‍ക്ക് നികുതി ബാധകം.

പി.എഫ്. നിക്ഷേപ ചട്ടങ്ങളില്‍ ലളിതവല്‍ക്കരണം
അംഗീകൃത പ്രൊവിഡന്റ് ഫണ്ടുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കേണ്ട ചില നിര്‍ബന്ധിത ശതമാന പരിധികളും ഫിനാന്‍സ് ബില്ലില്‍ ഒഴിവാക്കുന്നുണ്ട്. ഇനി നിക്ഷേപ നിബന്ധനകള്‍ നികുതി നിയമം വഴിയല്ല, ഇ.പി.എഫ് നിയമം വഴിയാണ് നിയന്ത്രിക്കപ്പെടുക.

കൂടാതെ, EPF നിയമത്തിന്റെ Section 17 പ്രകാരം ഒഴിവ് (exemption) ലഭിച്ച പി.എഫ്. ഫണ്ടുകള്‍ക്കു മാത്രമാണ് ഇനി വരുമാന നികുതി നിയമ പ്രകാരം അംഗീകാരം ലഭിക്കുക.

നികുതി ഇളവിനുള്ള അവസാന തീയതി മാറും
ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്നാണ് ജീവനക്കാരുടെ പി.എഫ്. സംഭാവനകള്‍ അടയ്ക്കുന്ന തീയതി സംബന്ധിച്ച വ്യവസ്ഥ. നിലവിലെ നിയമപ്രകാരം, ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത പി.എഫ്. തുക തൊഴില്‍ നിയമപ്രകാരം നിശ്ചയിച്ച തീയതിക്കകം (സാധാരണയായി മാസാവസാനം മുതല്‍ 15 ദിവസത്തിനകം) അടച്ചാലേ തൊഴിലുടമയ്ക്ക് നികുതി ഇളവ് ലഭിക്കുമായിരുന്നുള്ളൂ.

പുതിയ നിര്‍ദേശമനുസരിച്ച്, ഈ തുക തൊഴിലുടമയുടെ വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതിക്ക് മുന്‍പ് അടച്ചാല്‍ മതി. ഇതിലൂടെ പി.എഫ്. നിക്ഷേപത്തിലെ ചെറിയ താമസങ്ങള്‍ മൂലം ഉണ്ടാകുന്ന നികുതി തര്‍ക്കങ്ങള്‍ കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം, തൊഴില്‍ നിയമപ്രകാരമുള്ള പി.എഫ്. അടയ്‌ക്കേണ്ട തീയതിയില്‍ മാറ്റമില്ല. ഈ ഇളവ് നികുതി കണക്കുകൂട്ടലിനായി മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാബല്യത്തില്‍ വരുന്ന തീയതി
Finance Bill 2026-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രൊവിഡന്റ് ഫണ്ട് ഭേദഗതികള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

X
Top