
ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ അപ്രതീക്ഷിത ലാഭത്തിന്മേലുള്ള നികുതി (വിൻഡ്ഫാൾ ടാക്സ്) കേന്ദ്ര സർക്കാർ കുറച്ചു. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡീസൽ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 25.50 രൂപയിൽ നിന്ന് 24 രൂപയായാണ് കുറച്ചത്.
പെട്രോൾ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 3.50 രൂപയിൽനിന്ന് പൂർണമായും ഒഴിവാക്കി. എടിഎഫ് കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 22 രൂപയിൽനിന്ന് 19.50 രൂപയായും കുറച്ചിട്ടുണ്ട്.
അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും രാജ്യാന്തര വിലയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ രണ്ടാഴ്ചയിലൊരിക്കൽ കയറ്റുമതി തീരുവ നിരക്കുകൾ പുനഃപരിശോധിക്കുന്നുണ്ട്. ഈ മാസം ആദ്യം സർക്കാർ വിൻഡ്‌ഫാൾ ടാക്സ് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിരക്ക് കുറച്ചിരിക്കുന്നത്.
ആഭ്യന്തര വിപണിയിൽ ഇന്ധനത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും പ്രാദേശിക സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതിന്റെ നേട്ടം കയറ്റുമതിക്കാർ അമിതമായി പ്രയോജനപ്പെടുത്തുന്നത് തടയുന്നതിനുമാണ് കയറ്റുമതി തീരുവ ഏർപ്പെടുത്തിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര ഉപഭോഗത്തിനായി രാജ്യത്തിനകത്ത് വിൽക്കുന്ന പെട്രോളിനും ഡീസലിനും ഈ കയറ്റുമതി തീരുവ ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.






