
ന്യൂഡൽഹി: എഥനോൾ കലരാത്ത പെട്രോൾ (ഇ0) ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി ഐടി എൻജിനീയർ.
ഡൽഹി സ്വദേശിയായ ഗൗരവ് താക്കർ വികസിപ്പിച്ച www.e0fuel.in എന്ന വെബ്സൈറ്റിലൂടെയും ഇ–സീറോ ഫൈൻഡർ എന്ന ആപ്പും വഴിയുമാണ് വാഹന ഉടമകൾക്ക് ഇ0 പെട്രോൾ ലഭിക്കുന്ന പമ്പുകൾ കണ്ടെത്താം.
വിവിധ എണ്ണക്കമ്പനികളുടെ വെബ്സൈറ്റുകളിൽ കയറി എഥനോൾ ഇല്ലാത്ത പെട്രോൾ എവിടെ കിട്ടുമെന്ന് തിരയുന്നതിന് പകരമായി ഒറ്റ പ്ലാറ്റ്ഫോമിൽ വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (എക്സ്പി100), ഭാരത് പെട്രോളിയം (സ്പീഡ്100), ഹിന്ദുസ്ഥാൻ പെട്രോളിയം (പവർ100) എന്നിവയുടെ പ്രീമിയം പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷനുകളാണ് വെബ്സൈറ്റിലുള്ളത്.
ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കുകയോ ഫോൺ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ നടത്തുകയോ ചെയ്യാതെ തൊട്ടടുത്തുള്ള പെട്രോൾ പമ്പുകളുടെ വിവരങ്ങൾ ലഭ്യമാകും.
പമ്പിലേക്കുള്ള വഴി, പെട്രോളിന്റെ വില, ഫോൺ നമ്പർ എന്നിവയും വെബ്സൈറ്റിൽ ലഭിക്കും.
ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെബ്സൈറ്റ് നിർമിച്ചതെന്ന് ഗൗരവ് താക്കർ പറഞ്ഞു.






