
ഫ്ലോറിഡ: ബഹിരാകാശ വിക്ഷേപണ രംഗത്ത് പുതുയുഗത്തിന് തുടക്കമായി. അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് വിക്ഷേപിച്ചു.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്ന ന്യൂ ഗ്ലെന്‍ റോക്കറ്റ് ബ്ലൂ റിങ് പേലോഡ് ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. ഇലോണ്‍ മസ്‌കിന്‍റെ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിനുള്ള മറുപടിയായാണ് ബ്ലൂ ഒറിജിൻ ന്യൂ ഗ്ലെന്‍ റോക്കറ്റ് വിക്ഷേപിച്ചത്.
ഫ്ലോറിഡയിലെ മോശം കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും കാരണം നിശ്ചയിച്ചിരുന്നതിലും ദിവസങ്ങള്‍ വൈകിയാണ് ന്യൂ ഗ്ലെന്‍ റോക്കറ്റ് വിക്ഷേപിച്ചത്. എന്‍ജി-1 എന്ന് ഔദ്യോഗികമായി പേരിട്ടിരുന്ന കന്നി പരീക്ഷണ ദൗത്യത്തില്‍ ലോഞ്ചിന് 12 മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്‍റെ മുകള്‍ ഭാഗം മുന്‍ നിശ്ചയിച്ച ഭ്രമണപഥത്തിലെത്തി.
ബ്ലൂ റിങ് പാത്ത്‌ഫൈന്‍ഡര്‍ ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. എന്നാല്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ബൂസ്റ്റര്‍ ഭാഗം അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലെ താല്‍ക്കാലിക തറയില്‍ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമം അവസാന നിമിഷം പരാജയപ്പെട്ടു. ബ്ലൂ റിങ് പാത്ത്‌ഫൈന്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ബ്ലൂ ഒറിജിന് ലഭ്യമായിത്തുടങ്ങി.
2000-ൽ ജെഫ് ബെസോസ് സ്ഥാപിച്ച സ്വകാര്യ ബഹിരാകാശ യാത്രാ സേവന കമ്പനിയും ബഹിരാകാശ വിക്ഷേപണ വാഹന നിര്‍മാതാക്കളുമാണ് ബ്ലൂ ഒറിജിന്‍. ബ്ലൂ ഒറിജിന്‍റെ ന്യൂ ഗ്ലെന്‍ റോക്കറ്റിന് 320 അടി (98 മീറ്റര്‍) അഥവാ 30 നില കെട്ടിടത്തിന്‍റെ ഉയരമുണ്ട്.
ഫാല്‍ക്കണ്‍ 9ന് ലോ-എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വഹിക്കാനാവുന്ന ശേഷി 22.8 മെട്രിക് ടണ്‍ എങ്കില്‍ ന്യൂ ഗ്ലെന്‍ റോക്കറ്റ് 45 മെട്രിക് ടണ്‍ ഭാരം താങ്ങും എന്നാണ് കണക്കാക്കുന്നത്.