മുംബൈ: സുനിൽ മിത്തലിന്റെ(Sunil Mithal) നേതൃത്വത്തിലുള്ള ഭാരതി എയർടെൽ(Bharti Airtel) ബ്രിട്ടീഷ് ടെലികോമിന്റെ(British Telecom) 24.5 ശതമാനം ഓഹരികൾ സ്വന്തമാക്കി. 31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലിവെഞ്ചേഴ്സ് യുകെ ലിമിറ്റഡ് വഴിയാകും ഇടപാട് പൂർത്തിയാക്കുക.
ഇതോടെ ബി.ടി ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ഭാരതി ഗ്ലോബൽ മാറും. ഏറ്റെടുക്കലിലൂടെ ആഗോളതലത്തിൽ സാന്നിധ്യം വിപുലമാക്കാൻ കമ്പനിക്ക് കഴിയും.
ഇന്ത്യൻ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലുകളിലൊന്നാണിതെന്നാണ് വിലയിരുത്തൽ. ഭാരതി എയർടെലിന്റെ വിപണി മൂല്യം നിലവിൽ 8.26 ലക്ഷം കോടി രൂപയാണ്. ബി.ടി ഗ്രൂപ്പിന്റേതാകട്ടെ 1.39 ലക്ഷം കോടിയുമാണ്.
1997ൽ യുകെ ആസ്ഥാനമായുള്ള ബി.ടി ഗ്രൂപ്പ് ഭാരതി എയർടെലിന്റെ 21 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഇരു ഗ്രൂപ്പുകൾക്കും തമ്മിലുള്ളത്.
എ.ഐ, 5ജി ഉൾപ്പടെയുള്ള മേഖലകളിൽ ചേർന്ന് പ്രവർത്തിക്കുന്നത് ഇരുരാജ്യങ്ങൾക്കും നേട്ടമാകുമെന്നാണ് വിലയിരുത്തൽ.