മുംബൈ: 10,000 കോടി രൂപയുടെ ധനസമാഹരണത്തിനൊരുങ്ങി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസ്.
ക്യു.ഐ.പി ഇഷ്യു വഴി 8,800 കോടി രൂപ വരെയും പ്രൊമോട്ടരായ ബജാജ് ഫിൻസെർവിലേക്ക് കൺവേർട്ടിബിൾ വാറന്റുകൾ വഴി 1,200 കോടി രൂപ വരെയും സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പ്രൊമോട്ടർ കമ്പനിയായ ബജാജ് ഫിൻസെർവിന് മുൻഗണനാടിസ്ഥാനത്തിൽ കമ്പനി 15,50,000 വാറന്റുകൾ ഇഷ്യൂ ചെയ്യും, ഇത് തുല്യമായ ഷെയറുകളാക്കി മാറ്റും. ഇതോടെ ബജാജ് ഫിൻസെർവിന്റെ വിഹിതം 52.45 ശതമാനത്തിൽ നിന്ന് 52.57 ശതമാനമായി ഉയരും.
ബജാജ് ഫിൻസെർവിന് നിലവിൽ ബജാജ് ഫിനാൻസിന്റെ 31,78,16,130 ഓഹരികൾ ഉണ്ട്, ഇത് 52.45ശതമാനമാണ്. അലോട്ട്മെന്റ് തീയതി മുതൽ 18 മാസത്തിനുള്ളിൽ വാറന്റുകൾ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാം.
സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ പുതിയ വായ്പകളിൽ 26 ശതമാനം വളർച്ച രേഖപ്പെടുത്തി 85.3 ലക്ഷം രൂപയായതായി ബജാജ് ഫിനാൻസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 67.6 ലക്ഷം ആയിരുന്നു.
ധനസമാഹരണ പ്രഖ്യാപനത്തിന് മുന്നോടിയായി, കമ്പനിയുടെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 7,850.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.