
കോട്ടയം: ചരിത്രത്തിലാദ്യമായി റബ്ബർവില 300 എന്ന മാജിക് നമ്പർ തൊട്ടു. കോട്ടയത്ത് വെള്ളിയാഴ്ച ആർ.എസ്.എസ്- 4 ഗ്രേഡ് റബ്ബർ കിലോയ്ക്ക് 300 രൂപയ്ക്കാണ് വ്യാപാരം നടന്നത്. പഴയ ഓർഡർ ബാക്കിയുണ്ടായിരുന്ന വ്യാപാരികളാണ് 300 രൂപയ്ക്ക് ഷീറ്റ് റബ്ബർ വാങ്ങിയത്. എന്നാൽ റബ്ബർബോർഡ് വില വെള്ളിയാഴ്ച കിലോയ്ക്ക് 298 രൂപയാണ്.
ഈവർഷം ജനുവരിയിൽ ആർ.എസ്.എസ്. -4 റബ്ബറിന് 192 രൂപയായിരുന്നു ശരാശരി വില. ഒൻപതു മാസത്തിനിടെയാണ് 108 രൂപയോളം കൂടിയത്. റബ്ബർ വിപണിയിലെ ഉണർവിൽ ഏറെ പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും.
അന്താരാഷ്ട്രവില വെള്ളിയാഴ്ച കിലോയ്ക്ക് 268.63 രൂപയാണ്. ഇക്കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്രവില 300 കടന്നെങ്കിലും പിന്നീട് താഴ്ന്നു.
ഉത്പാദനക്കുറവും വർധിച്ചുവരുന്ന ആവശ്യകതയുമാണ് ആഭ്യന്തരമാർക്കറ്റിൽ റബ്ബർവില വർധനയ്ക്കുള്ള കാരണമായി വിലയിരുത്തുന്നത്. റബ്ബർബോർഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് 5.22 ലക്ഷം മെട്രിക് ടൺ റബ്ബറിന്റെ കുറവ് ഇപ്പോഴുണ്ട്. 1.76 ലക്ഷം ഹെക്ടറിൽ ഇപ്പോൾ ടാപ്പിങ് നടക്കുന്നില്ല.
കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ ഇന്ത്യയിലും മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ പ്രമുഖ റബ്ബറുത്പാദക രാജ്യങ്ങളിലും ഉത്പാദനം കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽ ചരക്കുനീക്കം പ്രതിസന്ധിയിലായതും ഇറക്കുമതിക്ക് ചെലവേറിയതും ആഭ്യന്തരവിപണിക്ക് ഗുണകരമായി.
ക്രൂഡ് ഓയിൽ വിലക്കയറ്റത്തെത്തുടർന്ന് സിന്തറ്റിക് റബ്ബറിന് വില ഉയർന്നതും സ്വാഭാവിക റബ്ബറിെന്റവില വർധനയ്ക്ക് കാരണമായി.






