ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

അവയവദാതാക്കള്‍ക്ക് ആദരം അര്‍പ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ‘ഗാര്‍ഡന്‍ ഓഫ് ലൈഫ് ‘

കൊച്ചി : അവയവങ്ങള്‍ ദാനം ചെയ്ത് നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷം നമ്മെ വിട്ടു പോയവര്‍ക്കായി കേരളത്തിലാദ്യമായി ഒരു സ്മാരകം നിര്‍മിക്കുന്നു. പെരിയാറിന്റെ തീരത്ത് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനകര്‍മം ആസറ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങുമായി സഹകരിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ഇതുവരെ മരണാന്തരം അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.

അവയവദാനമെന്ന പുണ്യത്തിലൂടെ മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ആദരമായിട്ടാണ് സ്മാരകം നിര്‍മിക്കുന്നത്. ഈ മഹാമനുഷ്യര്‍ കാണിച്ച ദയ, നമുക്കെല്ലാവര്‍ക്കും ഊര്‍ജം പകരുന്നതാണെന്ന് ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പെരിയാര്‍ നദിയുടെ തീരത്തെ വിശാലമായ ഇടത്ത് നിര്‍മിക്കുന്ന സ്മാരകത്തിന് ”ഗാര്‍ഡന്‍ ഓഫ് ലൈഫ്” എന്നാണ് പേരിട്ടിരിക്കുന്നത്. മരങ്ങള്‍ക്കും ശിലാപ്രതിമകള്‍ക്കും പൂന്തോട്ടത്തിനും നടുവിലായിരിക്കും മനോഹരമായ സ്മാരകം.

അവയവദാനത്തെ കുറിച്ച് കൂടുതല്‍ ആളുകളില്‍ അറിവുണ്ടാകാനും അവരെ അതിന് പ്രേരിപ്പിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് ആസ്റ്ററിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. മരണാനന്തരവും അനേകം പേരുടെ ജീവന്‍ രക്ഷിക്കുന്നതാണ് ഏറ്റവും വലിയ മനുഷ്യത്വമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അഭിപ്രായപ്പെട്ടു. അവയവങ്ങള്‍ ദാനം ചെയ്ത ശേഷം നമ്മെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായ് സ്മാരകത്തില്‍ കാറ്റാടി മണികള്‍ സ്ഥാപിക്കുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ. ടിആര്‍ ജോണ്‍ പറഞ്ഞു.

കേരള ഓര്‍ഗന്‍ ഷെയറിങ് നെറ്റ്വര്‍ക്കിന്റെ (KNOS) ലിസ്റ്റില്‍ ഉള്ളവരുടെ പേരുകളായിരിക്കും സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കുക. ലോക അവയവദാന ദിനത്തോട് അനുബന്ധിച്ചാണ് സ്മാരകത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. നവംബര്‍ ഇരുപത്തിയേഴ് ദേശീയ അവയവദാന ദിനത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്മരകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവും. അവയവദാനം ചെയ്തവരുടെ ബന്ധുക്കള്‍ക്കും ആസ്റ്ററിലെത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും സ്മാരകത്തില്‍ പ്രവേശനം ഉണ്ടാകും.

ആസറ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ , ആസറ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

X
Top