
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ മടിക്കുന്ന വിമാനക്കമ്പനികളുടെ പ്രവർത്തനം മരവിപ്പിക്കണമെന്ന് സുപ്രീം കോടതി. വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ തയ്യാറാക്കുന്ന പുതിയ ചട്ടങ്ങൾ മൂന്നാഴ്ചയ്ക്കകം അന്തിമഘട്ടത്തിലെത്തുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നിർണായക നിരീക്ഷണം.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലുള്ള നിരക്ക് നിബന്ധനകൾ വിമാനക്കമ്പനികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശം നൽകി.
ടിക്കറ്റ് നിരക്കിലെ സർജ് പ്രൈസിങ്, അധിക ബാഗേജ് ചാർജുകൾ, ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക, റീഫണ്ട് തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി നിയന്ത്രിക്കാനുള്ള ചട്ടങ്ങളാണ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്. ഇതിനായി ഭാരതീയ വായുയാൻ അധിനിയം 2024 പ്രകാരമുള്ള ചട്ടങ്ങളുടെ കരട് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു.
കോടതി നിർദ്ദേശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, ആവശ്യമെങ്കിൽ ഇത്തരം എയർലൈനുകളുടെ സർവീസ് നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കാമെന്നും സുപ്രീം കോടതി വ്യക്തിമാക്കി.
അവധിക്കാലത്തും ഉത്സവ സീസണുകളിലും വിമാനക്കമ്പനികൾ നടത്തുന്ന ഭീമമായ നിരക്കുവർദ്ധനവ് സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ദുരിതത്തിലാക്കുന്നുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
പുതിയ ചട്ടങ്ങൾക്ക് മൂന്നാഴ്ചയ്ക്കകം അന്തിമരൂപം നൽകി സമർപ്പിക്കാൻ നിർദ്ദേശിച്ച ബെഞ്ച്, കേസ് തുടർവാദത്തിനായി സെപ്റ്റംബർ ഏഴിലേക്ക് മാറ്റി.






