ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യ

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹിഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഇറാന്‍ സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അമേരിക്കന്‍ ഉപരോധങ്ങളില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC) അനുവദിച്ചിരുന്ന ഉപരോധ ഇളവ് ഏപ്രിലില്‍ അവസാനിച്ചതോടെയാണ് ഇന്ത്യ പുതിയ ക്രമീകരണം നടത്തുന്നത്. ഉപരോധങ്ങള്‍ പിന്‍വലിക്കുകയോ സാഹചര്യം അനുകൂലമാകുകയോ ചെയ്താല്‍ തുറമുഖത്തിന്റെ നടത്തിപ്പ് വീണ്ടും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകളും പുതിയ കരാറില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.

ബാങ്കുകള്‍ക്ക് ഉപരോധം വരാതിരിക്കാന്‍
ചാബഹാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ യുഎസ് ഉപരോധ നടപടികള്‍ നേരിടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇന്ത്യയുടെ പ്രധാന പരിഗണന.

വലിയ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം നേരിടുകയോ അന്താരാഷ്ട്ര പണമിടപാട് സംവിധാനമായ SWIFT ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരികയോ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ബിസിനസുകളെയും ബാധിക്കും.

ഇന്ത്യയ്ക്ക് ചാബഹാര്‍ പ്രധാനം
പാക്കിസ്താനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ചരക്കുനീക്കം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്ന പ്രധാന കവാടമാണ് ചാബഹാര്‍ തുറമുഖം.
ഇന്ത്യയെ ഇറാന്‍ വഴി മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറിലും ചാബഹാറിന് നിര്‍ണായക സ്ഥാനമാണുള്ളത്.

അതിനാല്‍ നിലവിലെ ക്രമീകരണം പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതല്ലെന്നും ഉപരോധ സാഹചര്യത്തില്‍ പ്രവര്‍ത്തന നിയന്ത്രണം താല്‍ക്കാലികമായി മാറ്റുന്ന നടപടിയാണെന്നുമാണ് സൂചന.

2016ലാണ് ചാബഹാര്‍ പദ്ധതിക്കായി ഇന്ത്യ 8.52 കോടി ഡോളറിന്റെ നിക്ഷേപവും 15 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈനും വാഗ്ദാനം ചെയ്തത്.2024 മേയില്‍ ഇറാന്‍ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമായി ഇന്ത്യന്‍ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് 10 വര്‍ഷത്തെ കരാറിലും ഒപ്പുവച്ചു. തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 12 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ നല്‍കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.

ചാബഹാറുമായി ബന്ധപ്പെട്ട് 2018ല്‍ യുഎസ് നല്‍കിയിരുന്ന ഉപരോധ ഇളവ് പിന്നീട് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ചില നിബന്ധനകളോടെ അനുവദിച്ച ഇളവും 2026 ഏപ്രില്‍ 26ന് അവസാനിച്ചു.

കപ്പലുകള്‍ എത്താനും മടി
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഉപരോധ ഭീഷണിയും ചാബഹാറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഉപരോധ നടപടികള്‍ നേരിടുമെന്ന ആശങ്കയില്‍ ചില വിദേശ കപ്പല്‍ കമ്പനികള്‍ തുറമുഖത്തേക്ക് സര്‍വീസ് നടത്താന്‍ മടിക്കുന്നതും വെല്ലുവിളിയാണ്.

അതേസമയം, തുറമുഖ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യ ഇറാനുമായി ചര്‍ച്ചകള്‍ തുടരുകയാണ്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഇറാനിയന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

X
Top