റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രം

കൊച്ചി: രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയില്‍ വന്‍ മുന്നേറ്റവുമായി അയല്‍സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തും കുതിക്കുമ്പോള്‍, സ്വന്തം പങ്ക് വര്‍ധിപ്പിക്കാനാകാതെ 15-ാം സ്ഥാനത്ത് തങ്ങിനില്‍ക്കുകയാണ് കേരളം.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനും പുറത്തുവിട്ട ‘State Export Profile 2025-26’ കണക്കുകളിലാണ് സംസ്ഥാനങ്ങളുടെ പ്രകടനം വ്യക്തമാകുന്നത്. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ കേവലം 1.17 ശതമാനം മാത്രമാണ് നിലവില്‍ കേരളത്തിന്റെ വിഹിതം.

വ്യാവസായിക മൂല്യവര്‍ധനയിലൂടെയും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിലൂടെയും അയല്‍സംസ്ഥാനങ്ങള്‍ വലിയ മുന്നേറ്റം കൈവരിക്കുമ്പോള്‍, പരമ്പരാഗത മേഖലകളെ മാത്രം ആശ്രയിക്കുന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

കണക്കുകള്‍ പറയുന്നത്
2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള ആകെ ചരക്ക് കയറ്റുമതി 515.51 കോടി ഡോളറാണ് (ഏകദേശം 43,200 കോടി രൂപ). തൊട്ടുതലേവര്‍ഷത്തെ 477.22 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 8.02 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ 3.01 ശതമാനം മാത്രമാണ് കേരളത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് (CAGR). കൂടാതെ, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 817.23 കോടി ഡോളറിലേക്ക് ഉയര്‍ന്ന ശേഷം തൊട്ടടുത്ത വര്‍ഷം കുത്തനെ താഴേക്ക് പതിച്ച സ്ഥിരതയില്ലായ്മയും കേരളത്തിന്റെ പ്രകടനത്തിലുണ്ട്.

കടല്‍വിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍ ഉല്‍പന്നങ്ങള്‍, തേയില, കശുവണ്ടി എന്നിവയാണ് കേരളത്തില്‍ നിന്നുള്ള കയറ്റുമതിയുടെ സിംഹഭാഗവും. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങള്‍ ഈ പരമ്പരാഗത മേഖലകളെ പെട്ടെന്ന് ബാധിക്കുന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണം.

ആധിപത്യം ഈ സംസ്ഥാനങ്ങള്‍ക്ക്
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം രാജ്യത്തിന്റെ കയറ്റുമതി ചില നിര്‍ദ്ദിഷ്ട സംസ്ഥാനങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. 11,063.41 കോടി ഡോളര്‍ (ഏകദേശം 9.27 ലക്ഷം കോടി രൂപ) നേട്ടത്തോടെ രാജ്യത്തെ ആകെ കയറ്റുമതിയുടെ 25.04 ശതമാനം വിഹിതം ഗുജറാത്ത് ഒറ്റയ്ക്ക് കൈയാളുന്നു.

പെട്രോകെമിക്കല്‍സ്, ഡയമണ്ട് റിഫൈനിംഗ് എന്നിവയാണ് ഗുജറാത്തിന്റെ കരുത്ത്. 7,011.37 കോടി ഡോളറുമായി മഹാരാഷ്ട്ര രണ്ടാമതും (15.87%), 5,930.62 കോടി ഡോളറുമായി തമിഴ്നാട് മൂന്നാമതും (13.43%), 3,439.79 കോടി ഡോളറുമായി കര്‍ണാടക നാലാമതും (7.79%) നില്‍ക്കുന്നു.

ഈ നാല് സംസ്ഥാനങ്ങള്‍ മാത്രം ചേര്‍ന്ന് ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 62 ശതമാനത്തോളം വിഹിതം സ്വന്തമാക്കുന്നു. അതേസമയം ഇന്ത്യയുടെ ആകെ കയറ്റുമതി അഞ്ച് വര്‍ഷത്തിനിടെ 1.15 ശതമാനം സി.എ.ജി.ആര്‍ (CAGR) മാത്രമാണ് രേഖപ്പെടുത്തിയത്.

തമിഴ്നാടും കര്‍ണാടകയും മുന്നേറുന്നത് എങ്ങനെ?
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.96 ശതമാനം സി.എ.ജി.ആര്‍ രേഖപ്പെടുത്തി തമിഴ്നാട് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കയറ്റുമതി സംസ്ഥാനമായി മാറി.

ഐഫോണ്‍ അസംബ്ലി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ് എന്നീ മേഖലകളിലെ ഹൈ-വാല്യൂ മാനുഫാക്ചറിംഗാണ് തമിഴ്നാടിന്റെ കുതിപ്പിന് പിന്നില്‍.

സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്കപ്പുറം എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങളുടെയും ഇലക്ട്രോണിക്‌സിന്റെയും കയറ്റുമതി വര്‍ദ്ധിപ്പിച്ച് 7.38 ശതമാനം അഞ്ച് വര്‍ഷത്തെ വളര്‍ച്ചാ നിരക്കോടെ കര്‍ണാടകയും നാലാം സ്ഥാനം ഭദ്രമാക്കി.

നിതി ആയോഗിന്റെ എക്‌സ്‌പോര്‍ട്ട് പ്രിപ്പേഡ്‌നസ് ഇന്‍ഡെക്‌സ് (EPI) റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നയരൂപീകരണവും ശക്തമാക്കിയാല്‍ മാത്രമേ കയറ്റുമതിയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കൂ എന്നാണ്.

കാര്‍ഷിക-സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങള്‍ അതേപടി കയറ്റി അയക്കുന്നതിന് പകരം ഫുഡ് പ്രോസസിംഗിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി ഉയര്‍ന്ന വില നേടാന്‍ കേരളം ശ്രദ്ധിക്കണം.

വിഴിഞ്ഞം അന്താരാഷ്ട്ര മദര്‍ പോര്‍ട്ട് പൂര്‍ണസജ്ജമാകുന്നതോടെ ഉണ്ടാകുന്ന ലോജിസ്റ്റിക്‌സ് ആനുകൂല്യങ്ങള്‍ നിര്‍മ്മാണ മേഖലയിലേക്ക് മുതലാക്കാന്‍ കഴിയണം.

ഐടി മേഖലയ്ക്ക് പുറമെ മെഡിക്കല്‍ ഡിവൈസുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലൈറ്റ് എഞ്ചിനീയറിംഗ് എന്നീ മലിനീകരണമില്ലാത്ത ഉയര്‍ന്ന മൂല്യമുള്ള വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ മാത്രമേ ഇന്ത്യയുടെ ട്രില്യണ്‍ ഡോളര്‍ എക്‌സ്‌പോര്‍ട്ട് സ്വപ്നങ്ങളില്‍ കേരളത്തിന് വലിയ പങ്കാളിയാകാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

X
Top