
ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലെ നിക്ഷേപക താല്പര്യം പരിഗണിച്ച് യുഎസിലെ ടെക് സൂചികയായ നാസ്ദാക്ക് ഡിസംബർ മുതൽ പ്രവർത്തന സമയം കൂട്ടും. ആഴ്ചയിൽ അഞ്ച് ദിവസവും 23 മണിക്കൂറാണ് പ്രവർത്തിക്കുക.
നിലവിൽ പുലർച്ചെ നാലു മുതൽ രാത്രി എട്ടു വരെയാണ് നാസ്ദാക്കിന്റെ പ്രവർത്തനം. ഈ വ്യാപാരം അതേപടി തുടരുകയും പുതിയ സെഷനായി രാത്രി ഒമ്പത് മുതൽ പുലർച്ചെ നാലുവരെ പ്രവർത്തിക്കുകയും ചെയ്യും. ഇടപാടുകൾ പ്രൊസസ് ചെയ്യുന്നതിനും അടുത്ത വ്യാപാര തിയതിയിലേക്കുള്ള മാറ്റത്തിനുമായി എല്ലാ ദിവസവും രാത്രി എട്ടു മുതൽ ഒമ്പത് മണിവരെ ഒരു മണിക്കൂർ വ്യാപാരം നിർത്തിവയ്ക്കും.
സമയക്രമത്തിലെ മാറ്റം അനുസരിച്ച് ട്രേഡുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
രാത്രി ഒമ്പത് മുതൽ അർധരാത്രിവരെ നടക്കുന്ന ഇടപാടുകൾ അടുത്ത കലണ്ടർ ദിവസത്തെ വ്യാപാര തിയതിയിലായിരിക്കും രേഖപ്പെടുത്തുക.
അർധരാത്രി മുതൽ രാത്രി എട്ടുവരെയുള്ള ഇടപാടുകൾ നിലവിലെ കലണ്ടർ ദിവസത്തെ തിയതിയിൽതന്നെ രേഖപ്പെടുത്തും.
സമയം നീട്ടുന്നതിന്റെ നേട്ടം
ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാൻ കൂടുതൽ സൗകര്യപ്രദമായ സമയം ലഭിക്കും.
കമ്പനികൾക്ക് ആഗോളതലത്തിൽ കൂടുതൽ കാര്യക്ഷമമായി മൂലധനം ആകർഷിക്കാൻ സഹായിക്കും.
കൂടുതൽ സമയം ലഭിക്കുന്നതോടെ നിക്ഷേപകർക്ക് സമ്പത്ത് വർധിപ്പിക്കുന്നതിന് കൂടുതൽ അവസരം ലഭിക്കും.
നാസ്ദാക്ക് ഓപ്ഷൻ എക്‌സ്‌ചേഞ്ചുകൾ, നാസ്ദാക്ക് ടെക്‌സാസ്, പിഎസ്എക്‌സ് ഇക്വിറ്റി എക്‌സ്‌ചേഞ്ചുകൾ എന്നിവയ്ക്ക് ഈ മാറ്റം ബാധകമല്ല.






