
ന്യൂഡല്‍ഹി: പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനരോഷം തണുപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്രം. എഥനോള്‍ കുറവുള്ള പെട്രോള്‍ വിപണിയിലെത്തിക്കാനാണ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 20 ശതമാനം എഥനോളുള്ള പെട്രോളാണ് പമ്പുകളില്‍ വില്‍പ്പനക്കുള്ളത്. ഇതിനൊപ്പം എഥനോള്‍ കുറവുള്ള എണ്ണയും കേന്ദ്രം വില്‍ക്കുമെന്നാണ് സൂചന.
10 ശതമാനം മാത്രം എഥനോളുള്ള ഇ10 പെട്രോള്‍ കൂടി ഇ20ക്കൊപ്പം വില്‍പ്പനക്കെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനത്തില്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് നാഗേശ്വരനാണ് കേന്ദ്രസര്‍ക്കാറിന് മുന്നില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇ20 പെട്രോള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. ഇത് വാഹനഭാഗങ്ങള്‍ക്ക് വലിയ രീതിയില്‍ കേടുണ്ടാക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനൊപ്പം മൈലേജ് നഷ്ടത്തിനും ഇത് കാരണമാവുന്നതായി ആശങ്കയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം പെട്രോള്‍ കൊണ്ടുവരുന്നത്.
നാഗേശ്വരന്റെ അഭിപ്രായത്തില്‍, ഇ20 ഉപയോഗിക്കുന്നതിലൂടെ എന്‍ജിന് കേടുപാടുകള്‍ സംഭവിക്കുന്നു എന്നതിന് തെളിവില്ല. എഥനോളിന് പെട്രോളിനേക്കാള്‍ ഊര്‍ജം കുറവായതിനാല്‍ മൈലേജ് ചെറിയ തോതില്‍ കുറയാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നതുപോലെ 30% കുറവ് ഉണ്ടാകില്ല. ആറ് മുതല്‍ ഏഴ് ശതമാനം മൈലേജ് കുറവ് മാത്രമേ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ 86 വാഹനങ്ങളെ ഉള്‍പ്പെടുത്തി ഏകദേശം 1 കോടി കിലോമീറ്റര്‍ നടത്തിയ പഠനത്തിലും എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിച്ച വാഹനങ്ങളില്‍ അധിക എന്‍ജിന്‍ തേയ്മാനം കണ്ടെത്തിയില്ല. ഇന്ത്യയില്‍ നടത്തിയ പഠനങ്ങളിലും അധിക തേയ്മാനം കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പഴയ ഇരുചക്രവാഹനങ്ങളില്‍ ഇ20 പെട്രോള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യം അദ്ദേഹം സമ്മതിച്ചു.
ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ അപൂര്‍വമായി മാത്രമേ കേന്ദ്രസര്‍ക്കാര്‍ അഭിപ്രായത്തോട് പരസ്യമായി വിയോജിക്കാറുള്ളു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രാലയം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.






