കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അവകാശ ഓഹരി (Rights Issue) വില്‍പ്പനയ്ക്ക് റൈറ്റ്‌സ് ഇഷ്യു കമ്മിറ്റിയുടെ അനുമതിയായി.
യോഗ്യരായ നിക്ഷേപകര്‍ക്ക് ഒരു രൂപ മുഖ വിലയുള്ള ഓഹരികള്‍ 49 രൂപ പ്രീമിയത്തോടെ 50 രൂപക്കാണ് അനുവദിക്കുക.
റെക്കോഡ് തീയതിയില്‍ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ആറ് ഓഹരിക്ക് ഒന്നെന്ന അനുപാതത്തില്‍ (1:6) ഓഹരി ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. ജൂലൈ 13നാണ് കമ്പനി അവകാശ ഓഹരികള്‍ വഴി 200 കോടി രൂപ സമാഹരിക്കുന്നതായി പ്രഖ്യാപിച്ചത്.
അവകാശ ഓഹരി വില്‍പ്പനയുടെ വിശദാംശങ്ങള്‍ വെളിവായതിനു ശേഷം വ്യാഴാഴ്ച്ച 6.49 ശതമാനം നഷ്ടത്തിലാണ് ജിയോജിത് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
എന്നാല്‍ ഇന്ന് 2.16 ശതമാനം ഉയര്‍ന്ന് 155.76 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 200 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്. ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 95 ശതമാനമാണ്.
2024-25 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിയോജിത്തിന്റെ സംയോജിത ലാഭം 45.81 കോടിയും വരുമാനം 181.18 കോടിയുമാണ്. 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയാണ് ജിയോജിത് കൈകാര്യം ചെയ്യുന്നത്. 14.12 ലക്ഷം ഉപയോക്താക്കളുമുണ്ട്.