
ഹൈദരാബാദ്: ആപ്പിളിന്‍റെ ഡിജിറ്റൽ വാലറ്റ്, പേയ്‌മെന്‍റ് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നു. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ അവസാനമോ ഒക്ടോബറിലോ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് പദ്ധതി. വിസ, മാസ്റ്റർകാർഡ് പോലുള്ള നെറ്റ്‌വർക്കുകളിൽ നിന്നുള്ള ക്രെഡിറ്റ് കാർഡുകളിൽ മാത്രമേ സേവനം ലഭ്യമാകൂ എന്നാണ് സൂചന.
ഉപഭോക്തൃനിര വളർന്ന് വരുന്ന ഇന്ത്യൻ വിപണിയിലേക്ക് പേയ്‌മെന്‍റ് സേവനങ്ങൾ കൊണ്ടുവരുന്നത് കമ്പനിയുടെ സുപ്രധാന ചുവടുവയ്പ്പായിരിക്കും. യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിനുള്ള UPI പിന്തുണ തുടക്കത്തിൽ ഉണ്ടാകില്ല. എന്നാൽ ഭാവിയിൽ കൊണ്ടുവരാനുള്ള സാധ്യത കാണുന്നു.
ഇടപാടുകളിൽ നിന്നുള്ള വരുമാനം എങ്ങനെ പങ്കിടുമെന്നതിനെക്കുറിച്ച് പ്രധാന കാർഡുകൾ നൽകുന്ന ബാങ്കുകളുമായി ആപ്പിൾ ചർച്ചകൾ നടത്തിവരികയാണെന്ന് വിവരം ലഭിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സേവനം ആരംഭിച്ചുകഴിഞ്ഞാൽ പ്രീമിയം ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ആപ്പിൾ പേയ്ക്ക് ഉയർന്ന സ്ഥാനം ലഭിക്കും.
എന്താണ് ആപ്പിൾ പേ?
ആപ്പിൾ വികസിപ്പിച്ചെടുത്ത സുരക്ഷിത മൊബൈൽ പേയ്‌മെന്‍റ്, ഡിജിറ്റൽ വാലറ്റ് സേവനമാണ് ആപ്പിൾ പേ. ഫിസിക്കൽ സ്റ്റോറുകളിലും, ആപ്പുകളിലും, ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിച്ച് വെബിലും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്‍റുകൾ നടത്താൻ ഇത് ഉപയോക്താക്കളെ അനുവദിക്കും.
ഫിസിക്കൽ വാലറ്റിന്‍റെ ഒരു ഡിജിറ്റൽ പതിപ്പായി ആപ്പിൾ പേയെ കരുതാം.
കാർഡുകൾ കയ്യിൽ സൂക്ഷിക്കുമ്പോൾ നഷ്‌ട്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ആപ്പിൾ ഉപകരണങ്ങളിലുള്ള ആപ്പിൾ പേ സേവനം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഒരു സ്റ്റോറിൽ നിന്ന് സാധനം വാങ്ങി പേയ്‌മെന്‍റ് ചെയ്യുമ്പോൾ ചെക്ക്ഔട്ട് കൗണ്ടറിൽ നിങ്ങളുടെ ആപ്പിൾ ഉപകരണം ടാപ്പ് ചെയ്‌തോ, ഓൺലൈനിൽ ഷോപ്പിങ് സമയത്ത് സ്‌ക്രീനിൽ ക്ലിക്ക് ചെയ്‌തോ പണം നൽകാം.
ആപ്പിൾ പേയിൽ സുരക്ഷയാണ് ആപ്പിൾ എടുത്തുകാണിക്കുന്ന കാര്യം. പണമടയ്ക്കുമ്പോൾ ആപ്പിൾ ഉപയോക്താക്കളുടെ യഥാർത്ഥ കാർഡ് നമ്പർ സ്റ്റോറുമായി പങ്കിടുന്നില്ല. പകരം, ഓരോ ഇടപാടിനും വ്യത്യസ്‌ത കോഡ് ഉപയോഗിക്കുന്നു. ഇത് ഓരോ തവണയും വ്യത്യസ്‌തമായിരിക്കും.
ഫേസ് ഐഡി, ടച്ച് ഐഡി അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിച്ച് ഓരോ പേയ്‌മെന്‍റും സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനാൽ നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ പോലും മറ്റാർക്കും നിങ്ങളുടെ വാലറ്റ് ഉപയോഗിക്കാൻ കഴിയില്ല.
സേവനം എങ്ങനെ പ്രവർത്തിക്കും?
ഉപയോക്താക്കൾക്ക് ആപ്പിൾ വാലറ്റിലേക്ക് യോഗ്യമായ കാർഡുകൾ ചേർക്കാനും നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ഉപയോഗിച്ച് പിന്തുണയ്ക്കുന്ന പേയ്‌മെന്‍റ് ടെർമിനലുകളിൽ ഒരു ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്‍റുകൾ നടത്താനും കഴിയും.
ഇതിന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അനുമതിയും സേവന സ്പോൺസർ ചെയ്യുന്നതിന് ഒരു പങ്കാളി ബാങ്കും ആവശ്യമാണ്. അതിനാൽ തന്നെ പ്രാരംഭ ഘട്ടത്തിൽ UPI പിന്തുണ നൽകാൻ ആപ്പിളിന് സാധിച്ചെന്ന് വരില്ല. ഇക്കാരണത്താൽ, മറ്റ് രാജ്യങ്ങളിൽ കമ്പനി ഇതിനകം വാഗ്ദാനം ചെയ്യുന്ന അതേ കാർഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് ആപ്പിൾ പേ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിൾ ഓരോ ഇടപാടിനും 15 മുതൽ 20 ബേസിസ് പോയിന്‍റുകൾ വരെ ഫീസായി ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം ചില ബാങ്കുകൾ ഏകദേശം 10 ബേസിസ് പോയിന്‍റുള്ള കുറഞ്ഞ നിരക്കിനായി ശ്രമിക്കുന്നു. ഈ ഫീസ് ബാങ്കുകളുടെ ഇന്റർചേഞ്ച് വരുമാനത്തിൽ നിന്ന് ഈടാക്കും. അതായത് ഉപഭോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ നേരിട്ട് ഈടാക്കില്ല.
രാജ്യത്ത് ഒരു പേയ്‌മെന്റ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് ആപ്പിൾ ഇതിനകം തന്നെ ICICI ബാങ്ക്, HDFC ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ഈ വർഷം ആദ്യം ബ്ലൂംബെർഗ് വെളിപ്പെടുത്തിയിരുന്നു.
ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി ആഗോള പേയ്‌മെന്റ് നെറ്റ്‌വർക്കുകളായ മാസ്റ്റർകാർഡ്, വിസ എന്നിവയുമായും കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. എങ്കിലും ഇന്ത്യയിൽ എപ്പോൾ എത്തുമെന്നോ, വിലനിർണ്ണയ ഘടന എങ്ങനെയാണെന്നോ, ആപ്പിൾ പേയിൽ എന്തൊക്കെ വാഗ്‌ദാനം ചെയ്യുമെന്നോ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനാൽ തന്നെ കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്.






