മുംബൈ: റിലയൻസ് ജിയോയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷ് അംബാനി രാജിവച്ചു: പകരം മകനും നിലവിൽ റിലയൻസ് ജിയോ വിഭാഗം നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനി ചുമതലയേൽക്കും. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധികാര മാറ്റങ്ങളിൽ ഒന്നാണിത്.
ആകാശ് അംബാനി കമ്പനി ചെയർമാൻ ആകുന്നതോടൊപ്പം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാർ ചുമതലയേൽക്കും. ഈമാസം 27ന് നടന്ന ബോർഡ് ഒഫ് ഡയറക്ടർമാരുടെ യോഗത്തിലായിരുന്നു ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്. കഴിഞ്ഞ വർഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.
2022 ജൂൺ 27 മുതൽ 5 വർഷത്തേക്ക് റിലയൻസ് ജിയോ സ്വതന്ത്ര ഡയറക്ടർമാരായി അഡീഷണൽ ഡയറക്ടർമാരായ രമീന്ദർ സിംഗ് ഗുജ്റാൾ, കെ.വി.ചൗധരി എന്നിവരെയും പുതുതായി നിയമിച്ചു.