നിക്ഷേപിക്കാൻ(Investments) ആഗ്രഹിക്കുന്നവർ ആദ്യം തിരയുക ഏറ്റവും കൂടുതൽ വരുമാനം എവിടെ നിന്നും കിട്ടും എന്നുള്ളതായിരിക്കും. അതിനായി രാജ്യത്തെ പ്രമുഖ ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ(Fixed Investment Interest Rates) താരതമ്യം ചെയ്തേക്കാം.
എന്നാൽ ഇപ്പോൾ രാജ്യത്ത് മുൻനിര ബെഞ്ചുകൾ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയാണ് ഭാരതി എയർടെൽ അതിൻ്റെ ഡിജിറ്റൽ വിഭാഗമായ എയർടെൽ ഫിനാൻസ്(Airtel Finance) വഴി.
എയർടെൽ ഫിനാൻസ് സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 9.1% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നതിലും കൂടുതൽ തുകയാണ് ഇത്.
എയർടെൽ താങ്ക്സ് ആപ്പ് വഴി കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ ചെയ്യാനും നിയന്ത്രിക്കാനും കഴിയുമെന്ന് ഭാരതി എയർടെൽ പ്രസ്താവനയിൽ പറയുന്നു.
എയർടെൽ ഫിനാൻസിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള ഏറ്റവും പുതിയ ചുവടുവെപ്പാണ് ഫിക്സഡ് ഡെപ്പോസിറ്റ് അനുവദിക്കുന്നത്. ഈ സേവനം നിലവിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാത്രമേ ലഭ്യമാകുകയുള്ളു.
ഉപഭോക്താക്കൾക്ക് ഈ സേവനം നൽകുന്നതിനായി ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, ശിവാലിക് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, ശ്രീറാം ഫിനാൻസ് തുടങ്ങിയ നിരവധി ചെറുകിട ധനകാര്യ ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും എയർടെൽ ഫിനാൻസ് സഹകരിച്ചിട്ടുണ്ട്.
ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള കമ്പനിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഓഫർ എന്ന് എയർടെൽ ഫിനാൻസ് ചീഫ് ബിസിനസ് ഓഫീസർ അൻഷുൽ ഖേതർപാൽ പറഞ്ഞു.
ഫിക്സഡ് ഡിപ്പോസിറ്റുകൾ ആകർഷകമായ പലിശ നിരക്കോടെയാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു, ഇത് ഉപഭോക്താക്കളെ അവരുടെ പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനും സഹായിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ യൂണിറ്റായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷനാണ് ഓരോ ബാങ്കിനും അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപങ്ങൾ ഇൻഷ്വർ ചെയ്യുന്നത്.