
മുംബൈ: ആദിത്യ ബിർള ഗ്രൂപ്പിന്റെ ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിൽ വളർച്ചാ ഇക്വിറ്റിയായി ഏകദേശം 1,200-1,500 കോടി രൂപ നിക്ഷേപിക്കാൻ ചർച്ചകൾ നടത്തിവരികയാണെന്ന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഎഎ) അറിയിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മൊത്തം അണ്ടർറൈറ്റഡ് പ്രീമിയത്തിന്റെ 14% വിപണി വിഹിതമുള്ള അഞ്ച് സജീവ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ABHICL). ലോകത്തിലെ മുൻനിര സോവറിൻ ഫണ്ടുകളിലൊന്നായ (എസ്‌ഡബ്ല്യുഎഫ്) എഡിഐഎ ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾക്കായി തയ്യാറെടുക്കുന്നതായി ദേശിയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപിക്കാനുള്ള അന്തിമ തുകയും ഓഹരിയുടെ അളവും എഡിഐഎ അന്തിമമായിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ മാസം, എഡിഐഎ 20% ന്യൂനപക്ഷ ഓഹരിക്കായി 2,200 കോടി രൂപ ഐഐഎഫ്എല്ലിന്റെ ഹോം ഫിനാൻസ് വിഭാഗത്തിൽ നിക്ഷേപിച്ചിരുന്നു. ആദിത്യ ബിർള ഗ്രൂപ്പും ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള എംഎംഐ ഹോൾഡിംഗ്‌സും തമ്മിലുള്ള 51:49% സംയുക്ത സംരംഭമാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി. 2015-ലാണ് ഇത് ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയായി സംയോജിപ്പിച്ചത്.
മുൻകാലങ്ങളിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ക്യാപിറ്റൽ, കെകെആർ ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ലിസ്റ്റഡ് ബാങ്കുകളിലും എൻബിഎഫ്‌സികളിലും എഡിഐഎ നിക്ഷേപം നടത്തിയിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിന്റെ ശേഖരിച്ച മൊത്തം ഇൻഷുറൻസ് പ്രീമിയം 1,740 കോടി രൂപയായിരുന്നു. സ്ഥാപനത്തിന് ശാഖകളിലൂടെയും പങ്കാളി ഓഫീസുകളിലൂടെയും 2,800-ലധികം നഗരങ്ങളിൽ സാന്നിധ്യമുണ്ട്.