കൊച്ചി: ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ. ഡീസൽ വില്പനയിൽ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവുമാണ് ഇടിവ് വന്നിട്ടുള്ളത്.
അതേസമയം നികുതിഭാരം കുറവുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഒരൊറ്റ ദിവസത്തെ പരിശോധനയിൽ മാത്രം 320 കോടി രൂപയുടെ അനധികൃത ഇന്ധന കടത്താണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.
കൊച്ചിയിലെത്തിയ ഇതരസംസ്ഥാന ട്രക്കുകൾ കളമശ്ശേരി ഭാഗത്താണ് കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. എന്നാൽ പരിസരത്തുള്ള പെട്രോൾ പമ്പുകളിലേക്ക് ഈ വാഹനങ്ങൾ ഡീസൽ അടിക്കാൻ എത്തുന്നില്ലെന്നതാണ് വസ്തുത.
ട്രക്കുകൾ മാത്രമല്ല സ്വകാര്യ വാഹനങ്ങളും അതിർത്തി കടന്ന് തന്നെ ഇന്ധനമടിക്കുന്നു. IOCL, BPCL,HPCL മുൻനിര എണ്ണ കമ്പനികളുടെ സംസ്ഥാനത്തെ ഡീസൽ വില്പനയുടെ കണക്കുകൾ കാണിക്കുന്നതും ഇതാണ്.
2022 ഏപ്രിൽ, മെയ്, ജൂൺ മാസത്തിനേക്കാൾ ഈ വർഷം ഇതേ കാലയളവിൽ IOC പമ്പുകളിൽ 10 ശതമാനമാണ് വില്പന കുറഞ്ഞത്. രണ്ട് രൂപ ഇന്ധനസെസ് കൂടി ഏർപ്പെടുത്തിയ ശേഷമാണ് ഈ മാറ്റം. ബിപിസിഎൽ പമ്പുകളിൽ 11 ശതമാനമാണ് വില്പന ഇടിഞ്ഞത്. HPCLൽ ആറ് ശതമാനം.
രണ്ടാം പാദത്തിൽ കണക്കുകൾ ലഭ്യമായ ജൂലൈ, ഓഗസ്റ്റ് മാസത്തിലും വിലപ്ന കുത്തനെ ഇടിഞ്ഞു. IOC പമ്പുകളിൽ 18 ശതമാനവും, ബിപിസിഎല്ലിൽ 14 ശതമാനവും HPCL 23 ശതമാനവുമാണ് ഇടിവ്.
രാജ്യത്ത് തന്നെ വാഹന സാന്ദ്രതയും, എണ്ണവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പെട്രോൾ ഡീസൽ ഉപഭോഗത്തിന് കുറവുണ്ടാകുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും എന്ത് കൊണ്ടാണീ ഇടിവ്? ഉത്തരം വേണമെങ്കിൽ അതിർത്തിക്കപ്പുറം നോക്കിയാൽ മതി.
മംഗലാപുരത്ത് നിന്ന് ഡീസലടിച്ചാൽ ലിറ്ററിന് പത്ത് രൂപയാണ് ലാഭിക്കാൻ കഴിയുക. തലശ്ശേരി കടന്ന് തൊട്ടപ്പുറം മാഹിയെത്തിയാൽ ലിറ്ററിന് 13 രൂപ കീശയിലിരിക്കും. കേരളത്തിനേക്കാൾ അയൽസംസ്ഥാനമായ കർണാടത്തിൽ ശരാശരി 8മുതൽ 10 രൂപ വരെ കുറവാണ് ഇന്ധനത്തിനുള്ളത്. തമിഴ്നാട്ടിലും കുറഞ്ഞ് എട്ട് രൂപ വരെ ലാഭിക്കാം.
കേരളത്തിലാകട്ടെ അടിസ്ഥാന വിലയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന നികുതികൾ, സെസ് കൂടാതെ രണ്ട് രൂപ സാമൂഹ്യസുരക്ഷ സെസ് കൂടിയാണ് ഇന്ധന വില. അധിക നികുതിഭാരം ഉള്ള വില്പനയെ കൂടി ഇല്ലാതാക്കുന്നോ? ഈ വർഷം രണ്ടാം പാദത്തിൽ അതിർത്തി ജില്ലകളിൽ 50ശതമാനവും മറ്റ് ജില്ലകളിൽ 40 ശതമാനം വരെയും വില്പന ഇടിഞ്ഞതായി പെട്രോൾ പമ്പ് ഉടമകളുടെ സംഘടനയും വിശദമാക്കുന്നത്.
മത്സ്യബന്ധന ബോട്ടുകൾ, ക്വാറി യൂണിറ്റുകൾ തുടങ്ങി വലിയ അളവിൽ ഇന്ധനം വേണ്ടവർ എല്ലാം സംസ്ഥാനത്ത് നികുതി വെട്ടിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം കടത്തുന്നതായി ജിഎസ്ടി വകുപ്പും വ്യക്തമാക്കുന്നു.
എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 20 സ്ഥലങ്ങളിൽ ഒരൊറ്റ ദിവസം മാത്രം നടന്ന പരിശോധനയിൽ 320 കോടി രൂപയുടെ അനധികൃത ഇന്ധന കടത്താണ് കണ്ടെത്തിയത്.
നികുതിയായി കിട്ടേണ്ട 72 കോടി രൂപ സംസ്ഥാന സർക്കാരിന് നഷ്ടമായെന്ന് ചുരുക്കം. ബജറ്റിൽ അധിക സെസ്സിനെതിരെ വലിയ പ്രതിഷേധമുണ്ടായിട്ടും സംസ്ഥാന സർക്കാരിന് ഒരു കുലുക്കവും ഇല്ലായിരുന്നു.
എന്നാൽ രണ്ട് രൂപയുടെ അതിമോഹം ഖജനാവിലേക്ക് സാധാരണയായി എത്തുന്ന നികുതി വഴി കൂടി അടയ്ക്കുകണെന്നാണ് വ്യക്തമാകുന്നത്.