
മുംബൈ: ദുബൈ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ സാന്നിധ്യം വിപുലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് 140 കോടി ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) ഏറ്റെടുക്കല്‍ പദ്ധതി.
അദാനി കുടുംബവും എമ്മാറും ഇടപാടിന്റെ ഘടനയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണ്. 400 മില്യണ്‍ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപം അദാനി ഗ്രൂപ്പിന്റെ അണ്‍ലിസ്റ്റഡ് യൂണിറ്റായ അദാനി റിയല്‍റ്റി ഇതിനായി മുടക്കുമെന്നാണ് കമ്പനിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.
റിയല്‍ എസ്റ്റേറ്റില്‍ ശക്തരാകാന്‍
ഇന്ത്യ യൂണിറ്റിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനായി അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ ഇന്ത്യയിലെ ചില പ്രമുഖ ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയില്‍ എമ്മാര്‍ ഗ്രൂപ്പ് സൂചിപ്പിച്ചിരുന്നു. ഇന്ത്യയില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പദ്ധതികള്‍ നടപ്പാക്കുന്ന എമ്മാര്‍ ഗ്രൂപ്പിന് ന്യൂഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.
എമ്മാറിന്റെ ഇന്ത്യ യൂണിറ്റ് ഏറ്റെടുക്കുന്നതോടെ അദാനി ഗ്രൂപ്പിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് കൂടുതല്‍ വിപുലമാകും. നിലവില്‍ 24 മില്യണ്‍ ചതുരശ്ര അടി പ്രോപ്പര്‍ട്ടി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ 61 മില്യണ്‍ ചതുരശ്ര അടിയുടെ നിര്‍മാണവും പുരോഗമിക്കുന്നു.
മുംബൈയിലെ ഒരു ഭവന വികസന പദ്ധതി പുനര്‍വികസിപ്പിക്കുന്നതിനുള്ള ലേലത്തില്‍ ഉയര്‍ന്ന തുക വിളിച്ചത് അദാനി ഗ്രൂപ്പിനു കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് വിഭാഗമാണ്. ഇതുകൂടാതെ മുംബൈയിലെ ധാരാവി ചേരിയുടെ വികസനം നടത്തുന്നതും അദാനി ഗ്രൂപ്പാണ്.