
ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ പ്ലാന്‍റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. പ്ലാന്റിനായി വർഷം 1.6 മില്യൺ ടൺ കോപ്പർ കോൺസൻട്രേറ്റ് (Copper Concentrate) വാങ്ങാനുള്ള കരാറിൽ കമ്പനി ഒപ്പു വെച്ചതായാണ് റിപ്പോർട്ട്.
1.2 ബില്യൺ ഡോളർ (ഏകദേശം പതിനായിരം കോടി) മുതൽമുടക്കിൽ നിർമ്മിക്കുന്ന പ്ലാന്റ് മാർച്ച് മാസത്തോടെ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ടത്തിൽ 500,000 ടൺ ആയിരിക്കും പ്ലാന്റിന്റെ ഉദ്പ്പാദന ശേഷി. 2029 ഓടെ ഒരു മില്യൺ ടൺ ശേഷി കൈവരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ ചെമ്പ് ഇറക്കുമതി കുറയ്ക്കാനും വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും പ്ലാന്റിന് സാധിക്കുമെന്നാണ് വിവരം.
2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമാണ കമ്പനിയാകാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനമെന്ന നിലയിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഭാവിയിൽ ചെമ്പിന്റെ ആവശ്യവും വൻ തോതിൽ വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക് ചര്‍, സോളാർ ഫോട്ടോവോൾട്ടെയ്ക് (PV), കാറ്റിൽ നിന്നുള്ള ഊർജ്ജം, ബാറ്ററികൾ തുടങ്ങിയവയ്‌ക്ക് ചെമ്പ് അത്യന്താപേക്ഷിതമാണ്.