തൃശ്ശൂർ: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 572.1 കോടി രൂപ സംയോജിത അറ്റാദായം നേടി. ഒന്നാം പാദത്തിലെ 556.5 കോടി രൂപയില്‍ നിന്നും 2.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 17.4% ശതമാനം വാര്‍ഷിക വര്‍ധനയോടെ 45,718.8 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 1.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 474.9 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 22.1 ശതമാനം വര്‍ധിച്ച് 2633.1 കോടി രൂപയിലെത്തി.
സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 17.1 ശതമാനം വര്‍ധിച്ച് 24,365 കോടി രൂപയിലെത്തി. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26.6 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.
മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്‍റെ ആസ്തി മൂല്യം 10.95 ശതമാനം വര്‍ധനയോടെ 12,149 കോടി രൂപയിലും, അറ്റാദായം 75 കോടി രൂപയിലുമെത്തി.
മുന്‍വര്‍ഷമിത് 10,949.8 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.6 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി.
വെഹിക്കിള്‍ ആന്‍റ് എക്യുപ്മെന്‍റ് ഫിനാന്‍സ് വിഭാഗത്തിന്‍റെ ആസ്തി മൂല്യം 4,848.2 കോടി രൂപയിലെത്തി. 54.2 ശതമാനത്തിന്‍റെ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്.
കമ്പനിയുടെ സംയോജിത ആസ്തിയുടെ 46.7 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 9.09 ശതമാനമാണ്. മുന്‍വര്‍ഷമിത് 8.47 ശതമാനമായിരുന്നു.
മൊത്ത നിഷ്ക്രിയ ആസ്തി 2.42 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 2.14 ശതമാനവുമാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,528.5 കോടി രൂപയായി ഉയര്‍ന്നു.
പ്രതി ഓഹരി ബുക്ക് വാല്യു 148 രൂപയും, മൂലധന പര്യാപ്തതാ അനുപാതം 29.22 ശതമാനവുമാണ്. 68 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 38,476 കോടി രൂപയാണ്.