കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 410 കോടി രൂപയേക്കാള്‍ 37 ശതമാനം കൂടുതലാണിത്.
ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യത്തില്‍ 27 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. 38,950 കോടി രൂപയാണ് ആകെ ആസ്തി.
സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 420 കോടി രൂപയാണ്. രണ്ടാം പാദത്തിലെ സംയോജിത പ്രവര്‍ത്തന വരുമാനം 27 ശതമാനം വര്‍ധിച്ച് 2157 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പകള്‍ 8.4 ശതമാനം വര്‍ധിച്ച് 20,809 കോടി രൂപയിലുമെത്തി.
2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.
ലാഭക്ഷമതയും ആസ്തിയും വര്‍ധിപ്പിക്കുന്നതില്‍ രണ്ടാം പാദത്തിലും തുടച്ചയായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
മികച്ച രീതിയില്‍ വൈവിധ്യവല്‍ക്കരിച്ച ഒരു കമ്പനിയായി മാറുക എന്ന ലക്ഷ്യം നേടുന്നതിനായി സ്വര്‍ണ വായ്പാ ഇതര ബിസിനസ്, പ്രത്യേകിച്ച് മൈക്രോഫിനാന്‍സ്, വാഹന- ഉപകരണ വായ്പാ ബിസിനസ് വര്‍ധിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 43 ശതമാനം വര്‍ധിച്ച് 10,950 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 7,661 കോടി രൂപയായിരുന്നു. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും മികച്ച വളര്‍ച്ചയുടെ പാതയിലാണ്.
ആസ്തി മൂല്യം 41.6 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1305 കോടി രൂപയിലെത്തി. വാഹന, ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 66.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3143 കോടി രൂപയായും ഉയര്‍ന്നു.
കമ്പനിയുടെ മൊത്തം ആസ്തി മൂല്യത്തിന്റെ 47 ശതമാനം സ്വര്‍ണവായ്പാ ഇതര ബിസിനസില്‍ നിന്നാണ്. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.5 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി 1.6 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.4 ശതമാനവുമാണ്.
കമ്പനിയുടെ സംയോജിത അറ്റ മൂല്യം 10,572 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 125 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.7 ശതമാനവുമാണ്.
2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 32,237 കോടി രൂപയാണ്.
ആകെ 64 ലക്ഷം സജീവ ഉപഭോക്താക്കളുമുണ്ട്.