
മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 40 കമ്പനികളുടെ ലാഭം ഇരട്ടിയായി. ചെലവ് കുറഞ്ഞത് പല കമ്പനികളുടെയും ലാഭക്ഷമത മെച്ചപ്പെടാന്‍ വഴിയൊരുക്കി.
മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ശതമാനത്തിലേറെ ലാഭവളര്‍ച്ച കൈവരിച്ച കമ്പനികളില്‍ നാല് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്‌ബിഐയും ഇതില്‍ ഉള്‍പ്പെടും.
എസ്‌ബിഐ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 149 ശതമാനം ലാഭവളര്‍ച്ചയാണ് കൈവരിച്ചത്. 18,736 കോടി രൂപയാണ് ലാഭം. മൂന്ന് മടങ്ങളോളം ലാഭവളര്‍ച്ച കൈവരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് 1211 കോടി രൂപ ലാഭം രേഖപ്പെടുത്തി.
ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി, മാരുതി സുസുകി തുടങ്ങിയ മുന്‍നിര കമ്പനികളും ഒന്നാം ത്രൈമാസത്തില്‍ 100 ശതമാനത്തിലേറെ ലാഭവളര്‍ച്ച കൈവരിച്ചു.
പ്രവര്‍ത്തനക്ഷമത മെച്ചപ്പെട്ടതിനു പുറമെ പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്ന മറ്റ് വരുമാനം പല കമ്പനികളുടെയും ലാഭവളര്‍ച്ചക്ക് ശക്തിയേകി. ശക്തമായ വളര്‍ച്ച കൈവരിച്ച മേഖലകളിലൊന്ന് ഓട്ടോമൊബൈല്‍ ആണ്.
ഓട്ടോമൊബൈല്‍, ആന്‍സിലറി, ടയര്‍ എന്നീ മേഖലകളിലെ ആറ് കമ്പനികള്‍ 100 ശതമാനത്തിലേറെ ലാഭവളര്‍ച്ച നേടി.
കീറ്റ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അശോക് ലെയ്‌ലാന്റ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ലാഭവളര്‍ച്ച കൈവരിച്ചത്.