കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ലഭിച്ചത് 3,700 കോടി ഡോളറിന്റെ (ഏകദേശം 3.11 ലക്ഷം കോടി രൂപ) ഡിമാൻഡ്.
യുഎഇക്ക് പുറമേ ജിസിസി, രാജ്യാന്തരതലങ്ങളിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് ലഭിച്ച സംയോജിത അപേക്ഷകളുടെ മൂല്യമാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന് ഐപിഒയിൽ ലഭിക്കുന്ന ഏറ്റവും വമ്പൻ ഡിമാൻഡ് എന്ന റെക്കോർഡ് ഇതോടെ ലുലുവിന് സ്വന്തമായി.
ഐപിഒ നവംബർ 5ന് സമാപിച്ചു. ഉയർന്ന പ്രൈസ്ബാൻഡായ 2.04 ദിർഹം (0.56 ഡോളർ/47.19 രൂപ/ഡോളറിനെതിരെ രൂപയുടെ മൂല്യം 84.28 പ്രകാരം) ആണ് ലുലു റീറ്റെയ്ൽ ഓഹരിക്ക് അന്തിമവില.
82,000ൽ അധികം ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകരാണ് ലുലുവിന്റെ ഓഹരികൾക്കായി അപേക്ഷിച്ചത്. ഇതും റെക്കോർഡാണ്. യോഗ്യരായ നിക്ഷേപസ്ഥാപനങ്ങളെ (ക്യുഐബി) കൂട്ടാതെ മൊത്തം 25 മടങ്ങിലേറെ അപേക്ഷകളും ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ലഭിച്ചു.
ആകെ 172 കോടി ഡോളറാണ് (14,500 കോടി രൂപ) ലുലു റീറ്റെയ്ൽ സമാഹരിക്കുന്നത്. ഈ വർഷം എൻഎംഡിസി എനർജി സമാഹരിച്ച 87.7 കോടി ഡോളറിന്റെ (7,300 കോടി രൂപ) റെക്കോർഡ് മറികടന്നു.
നേരത്തെ ലുലു ഗ്രൂപ്പിന്റെ കൈവശമുള്ള 25% ഓഹരികൾ (258.2 കോടി ഓഹരികൾ) ഐപിഒയിലൂടെ വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ, പ്രതീക്ഷകളെ മറികടന്ന ഡിമാൻഡ് ലഭിച്ചതോടെ വിൽപന 5% (5.16 കോടി ഓഹരികൾ) വർധിപ്പിച്ച് 30 ശതമാനമാക്കി (310 കോടി ഓഹരികൾ).
ഓഹരി ഒന്നിന് 2.04 ദിർഹം കണക്കാക്കിയാൽ ലുലു റീറ്റെയ്‍ലിന് 574 കോടി ഡോളർ വിപണിമൂല്യമാണ് (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) വിലയിരുത്തുന്നത്. അതായത് 48,377 കോടി രൂപ.
യോഗ്യരായ നിക്ഷേപസ്ഥാപനങ്ങളിൽ (കോർണർസ്റ്റോൺ ഇൻവെസ്റ്റേഴ്സ്) നിന്ന് 100 കോടി ദിർഹത്തിന്റെ (27.3 കോടി ഡോളർ/2,300 കോടി രൂപ) നിക്ഷേപ വാഗ്ദാനമാണ് ലുലു ഐപിഒയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി മാത്രം 10 കോടി ഡോളർ (842 കോടി രൂപ) നിക്ഷേപിക്കും.
സൗദിയിലെ മസാറ ഇൻവെസ്റ്റ്മെന്റ് കമ്പനി, അബുദാബി പെൻഷൻ ഫണ്ട്, ബഹ്റൈന്റെ മുമ്തലാകാത് ഹോൾഡിങ് കമ്പനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയാണ് മറ്റ് നിക്ഷേപസ്ഥാപനങ്ങൾ.
ഇവരുടെ നിക്ഷേപത്തിന് 180 ദിവസത്തെ ലോക്ക്-ഇൻ കാലാവധിയുണ്ടാകും. 180 ദിവസത്തിന് ശേഷമേ ഇവർക്ക് കൈവശവുള്ള ഓഹരികൾ വിൽക്കാനോ കൈമാറാനോ കഴിയൂ.
നവംബർ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്/ADX) ലുലു റീറ്റെയ്ൽ ഓഹരികളുടെ ലിസ്റ്റിങ്. എഡിഎക്സിൽ ലിസ്റ്റ് ചെയ്യുന്ന 100-ാമത്തെ കമ്പനിയെന്ന നേട്ടവും ലുലുവിന് സ്വന്തമാകും.
അർഹരായ നിക്ഷേപകർക്ക് നവംബർ 12ന് എസ്എംഎസ് ആയി അലോട്ട്മെന്റ് സന്ദേശം ലഭിക്കും. ഓഹരികൾ ലഭിക്കാത്തവർക്ക് നവംബർ 13ന് ആണ് റീഫണ്ട് ലഭിക്കുക.