കൊച്ചി: നടപ്പു സാമ്പത്തിക വർഷം ദേശീയ പാതകളുടെ ആസ്‌തി വില്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര ധനമന്ത്രാലയം ലക്ഷ്യമിടുന്നു. കടക്കെണി കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസന ട്രസ്‌റ്റിലൂടെയാണ് ഈ തുക സമാഹരിക്കുന്നത്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ(എൻ.എച്ച്.എ.ഐ) മൊത്തം കടം 3.2 ലക്ഷം കോടി രൂപ കവിഞ്ഞതോടെയാണ് ആസ്തി വില്പന നടപടികൾ വേഗത്തിലാക്കാൻ ധനമന്ത്രാലയം ഒരുങ്ങുന്നത്.
ഇത്തവണത്തെ ആസ്തി വില്പനയ്ക്ക് ശേഷം എൻ.എച്ച്.ഐ.എയുടെ കടം മൂന്ന് ലക്ഷം കോടി രൂപയായി കുറയുമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയൊട്ടാകെയുള്ള 889 കിലോമീറ്റർ റോഡുകളുടെ പരിപാലനം സ്വകാര്യ മേഖലയ്ക്ക് കൈമാറി ഇതുവരെ 16,000 കോടി രൂപയാണ് സമാഹരിച്ചത്.