
ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ വൻ മുന്നേറ്റം. കഴിഞ്ഞ വർഷം രാജ്യത്ത് 1.408 ദശലക്ഷം യൂണിറ്റ് ഇവികളാണ് രാജ്യത്ത് വിറ്റഴിഞ്ഞതെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. 5.59 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
14,08,245 വൈദ്യുത വാഹനങ്ങളാണ് 2024-ൽ വിറ്റഴിഞ്ഞത്. 2023-ൽ 10,22,994 വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ആഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായ രംഗം വളർച്ചയുടെ പാതയിലാണെന്ന് കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ വർഷം ആകെ 26.1 ദശലക്ഷം വാഹനങ്ങളാണ് വിൽപന നടത്തിയത്. ഒൻപത് ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇലക്ട്രിക് വാഹനങ്ങളിൽ ജനങ്ങളുടെ വിശ്വാസമേറുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും ഇൻസെൻ്റീവുകളും ഇതിന് കരുത്ത് പകരുന്നു.
25,938 കോടി രൂപ ബജറ്റ് വിഹിതമാണ് ഓട്ടോമൊബൈൽ, ഓട്ടോ ഘടക വ്യവസായങ്ങൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്.
115 അപേക്ഷകളാണ് പദ്ധതിക്ക് കീഴിൽ ലഭിച്ചതെന്നും ഇതിൽ 82 എണ്ണത്തിന് അംഗാകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 42,500 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് വർഷത്തിനകം 1.40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.