
ഹൈദരാബാദ്: ഇന്ത്യയുടെ കാപ്പി മേഖല വീണ്ടും കാലാവസ്ഥാ പ്രതിസന്ധിയുടെ പിടിയിൽ. 2026-27 സീസണിൽ രാജ്യത്തെ കാപ്പി ഉൽപാദനം നാല് ശതമാനം വരെ കുറയാനിടയുണ്ടെന്നാണ് യുഎസ് കാർഷിക വകുപ്പിന്റെ മുംബൈ ഓഫീസ് റിപ്പോർട്ട്. ചൂട് കൂടുകയും മഴ കുറയുകയും ചെയ്തതോടെ അറബിക്ക കാപ്പി കൃഷിയിലാണ് കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്.
2026 ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ സീസണിൽ ഇന്ത്യയുടെ മൊത്തം കാപ്പി ഉൽപാദനം 6.14 മില്യൺ ബാഗായി ചുരുങ്ങുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം കുറവാണിത്. അറബിക്ക കാപ്പി ഉൽപാദനം എട്ട് ശതമാനം വരെ ഇടിയുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതേസമയം, കാലാവസ്ഥാ മാറ്റങ്ങളെ കൂടുതൽ ചെറുക്കുന്ന റോബസ്റ്റ കാപ്പി ഉൽപാദനത്തിൽ വലിയ ഇടിവ് ഉണ്ടാകില്ലെന്നും വിലയിരുത്തൽ. നിലവിൽ ഇന്ത്യയുടെ മൊത്തം കാപ്പി ഉൽപാദനത്തിൽ എഴുപത്തഞ്ച് ശതമാനത്തിലധികവും റോബസ്റ്റയുടേതാണ്.
മാർച്ച്-ഏപ്രിൽ മാസങ്ങളിലെ സമയോചിതമായ മഴ തുടക്കത്തിൽ കൃഷിക്ക് സഹായകരമായിരുന്നെങ്കിലും, പിന്നീട് അനുഭവപ്പെട്ട അതിശക്തമായ ചൂട് മണ്ണിലെ ഈർപ്പം കുറച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കിടെ ലഭിച്ച ചെറിയ മഴകൾ സ്ഥിതി മെച്ചപ്പെടുത്താൻ മതിയായില്ലെന്നും വിലയിരുത്തൽ.
തുടർച്ചയായി രണ്ട് വർഷം അമിതമഴ നേരിട്ടതിന് പിന്നാലെ ഇത്തവണ കുറഞ്ഞ മഴ റോബസ്റ്റ കൃഷിക്ക് ചില രീതിയിൽ ഗുണകരമാകാമെന്നും റിപ്പോർട്ട് പറയുന്നു. ഫംഗസ് രോഗങ്ങളുടെ വ്യാപനം കുറയാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇതിനിടെ രാജ്യത്തെ കാപ്പി ഉപഭോഗവും ഉയരുകയാണ്. പ്രത്യേകിച്ച് ഇൻസ്റ്റന്റ് കാപ്പിക്കുള്ള ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത വർഷം ആഭ്യന്തര വിപണിയിലെ ഉപഭോഗം കൂടുതൽ ഉയരുമെന്നാണ് കണക്കുകൾ.





