
റിയാദ്: എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കിടയിലും സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് മൂന്നാം പാദത്തിൽ മികച്ച ലാഭം.
സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 34.5 ശതമാനം വർധിച്ച് 3,625 കോടി ഡോളറിലെത്തി. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 2,690 കോടി ഡോളറിൽ നിന്നാണ് വരുമാനത്തിൽ ഈ വൻ കുതിപ്പുണ്ടായത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ഒരു സംയുക്ത സംരംഭത്തിൽ നിന്നുള്ള ഓഹരി വിറ്റഴിച്ചതുമാണ് കമ്പനിക്ക് നേട്ടമായത്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കാരണം അരാംകോയുടെ എണ്ണ ഉൽപ്പാദനത്തിൽ ചെറിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, വിപണിയിൽ എണ്ണവില ബാരലിന് ശരാശരി 95.2 ഡോളറായി ഉയർന്നത് ഉൽപ്പാദനക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ബാരലിന് ശരാശരി 70.1 ഡോളറായിരുന്നു വില. കൂടാതെ, വിപണി വിദഗ്ധർ പ്രവചിച്ചതിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു.
മേഖലയിലെ സംഘർഷം കാരണം സുപ്രധാന എണ്ണ പൈപ്പ്ലൈനുകൾക്കും സൗദിയുടെ ഊർജ കേന്ദ്രങ്ങൾക്കും നേരെ പലതവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ ലക്ഷ്യമിട്ട് നിരവധി തവണ ആക്രമണശ്രമങ്ങൾ നടന്നു.
എന്നിരുന്നാലും, ബദൽ സംവിധാനങ്ങൾ വളരെ വേഗത്തിൽ ഉപയോഗപ്പെടുത്തി എണ്ണ കയറ്റുമതി മുടങ്ങാതെ നിലനിർത്താൻ കഴിഞ്ഞതായി അരാംകോ വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിലും 97.8 ശതമാനം വിതരണ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ കമ്പനിക്കായി.
ആഗോള ഊർജ്ജ വിപണി കടുത്ത അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമീൻ നാസർ പറഞ്ഞു. സുപ്രധാന ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ അസാധാരണ സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ എണ്ണ എത്തിക്കാൻ അരാംകോയ്ക്ക് കഴിഞ്ഞു. ഭാവിയിലെ സുരക്ഷ മുൻനിർത്തി പുതിയ കയറ്റുമതി വഴികളും വിദേശ സംഭരണ ശേഷികളും കമ്പനി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലാഭം ഉയർന്നതോടെ ഓഹരി ഉടമകൾക്കായി 2,190 കോടി ഡോളറിന്റെ അടിസ്ഥാന ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, മലേഷ്യയിലെ പെട്രോകെമിക്കൽ സംയുക്ത സംരംഭത്തിൽ തങ്ങൾക്കുണ്ടായിരുന്ന 50 ശതമാനം ഓഹരി പങ്കാളിത്തം വിറ്റഴിക്കുന്ന നടപടികളും അരാംകോ അടുത്തിടെ പൂർത്തിയാക്കി.






